For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കള്ളവോട്ട്: ആറ് പേർക്കെതിരെ കേസ്, അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

06:07 PM Apr 19, 2024 IST | Online Desk
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കള്ളവോട്ട്  ആറ് പേർക്കെതിരെ കേസ്  അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
Advertisement

തിരുവനന്തപുരം: കണ്ണൂരിൽ വീട്ടില്‍ വോട്ട് പ്രക്രിയയ്ക്കിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കള്ളവോട്ട് ചെയ്ത സംഭവത്തിൽ കർശന നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസ്സുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി അദ്ദേഹം അറിയിച്ചു.

Advertisement

സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് പ്രജിന്‍ ടി കെ, മൈക്രോ ഒബ്സര്‍വര്‍ ഷീല എ, സിവില്‍ പൊലീസ് ഓഫീസര്‍ ലെജീഷ് പി, വീഡിയോഗ്രാഫര്‍ റിജു അമല്‍ജിത്ത് പിപി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി അഞ്ചാം പീടിക കപ്പോട് കാവ് ഗണേശന്‍ എന്നയാള്‍ വോട്ടിങ് പ്രക്രിയയില്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത് 1951ലെ ജന പ്രാതിനിധ്യ നിയമത്തിലെ 128(1) വകുപ്പിന്റെ ലംഘനമാണ്. ഇയാള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും നടപടി സ്വീകരിക്കും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ പരാതിയില്‍ കണ്ണപുരം പൊലീസ് ഈ സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഐപിസി 171 (സി) 171 (എഫ്) പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 128 വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നപൗരന്മാര്‍ക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസ്സും അന്തസത്തയും കാത്തുസൂക്ഷിക്കുന്ന വിധം ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.