വീണ്ടും കർഷക മാർച്ച്, അടിച്ചമർത്താൻ സർക്കാർ
ന്യൂഡൽഹി: കർഷകരുടെ പ്രതിഷേധ മാർച്ചിനു തുടക്കം. വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കർഷകരാണ് മാർച്ചിൽ അണിചേരുന്നത്. അതേ സമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാർച്ച് അടിച്ചമർത്താനുള്ള നടപടികൾ കർശനമാക്കി ഭരണകൂടം. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം പ്രഖ്യാപിച്ച ദില്ലി ചലോ മാർച്ച് കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണു ഹരിയാന ഭരണകൂടം. ഇന്ന് മുതൽ ചൊവ്വാഴ്ച്ച വരെ ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് നിരോധിച്ചു. ദേശീയപാതകളിൽ അടക്കം ബാരിക്കേഡുകൾ സ്ഥാപിച്ചു. മാർച്ച് ഹരിയാന കടക്കാതെയിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. നേരത്തെ കർഷകരുമായി കേന്ദ്ര മന്ത്രിമാരടക്കം ചർച്ച നടത്തിയിരുന്നെങ്കിലും സമവായത്തിൽ എത്തിയിരുന്നില്ല. താങ്ങുവിലയടക്കം വിഷയങ്ങൾ ഉയർത്തിയാണ് മാർച്ച്.
2020-21 കാലത്ത് കർഷകർ നടത്തിയ അതിശക്തമായ പ്രക്ഷോഭം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടു വച്ച ഒരു വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ലെന്ന് കർഷകർ പറയുന്നു. ഇതിനെതിരേയാണ് ഇപ്പോൾ വീണ്ടും സമരം തുടങ്ങിയത്. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ പിന്നോട്ടില്ലെന്ന് കർഷക നേതാക്കൾ പറഞ്ഞു.