For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രാജ്യത്ത് സവർണ വംശീയ അജണ്ടകൾ നടപ്പിലാക്കുന്നു : സണ്ണി എം കപ്പിക്കാട്

രാജ്യത്ത് സവർണ വംശീയ അജണ്ടകൾ നടപ്പിലാക്കുന്നു   സണ്ണി എം കപ്പിക്കാട്
Advertisement

കുവൈത്ത് സിറ്റി : രാജ്യത്തിന്റെ അവകാശികൾ തങ്ങൾ മാത്രമാണെന്ന സവർണ വംശീയ അജണ്ടയാണ് ഇന്ത്യയിൽ സംഘ്പരിവാർ ശക്തികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ന് പ്രമുഖ ദളിത് ചിന്തകനും ആക്റ്റിവിസ്റ്റുമായ സണ്ണി എം കപിക്കാട് പറഞ്ഞു. പ്രവാചകൻ വിശ്വ വിമോചകൻ എന്ന തലക്കെട്ടിൽ കെ.ഐ.ജി.കുവൈത്ത് നടത്തിവന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിനിന്‌ സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം വൈദേശിക ആധിപത്യത്തിൽ നിന്ന് മോചിതമാകുന്നതിലും രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ നിർണയിക്കുന്നതിലും യാതൊരുവിധ പങ്കുമില്ലാത്ത ഫാസിസ്റ്റ് ശക്തികളെ സമസ്‌ത മേഖലകളിൽ നിന്നും മാറ്റിനിർത്താൻ മുഴുവൻ ജന വിഭാഗങ്ങളും തയ്യാറാകണം. പിന്നാക്ക ദളിത് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ ഐക്യവും സഹകരണവും വളർത്തിയെടുത്ത് പൊതുലക്ഷ്യം മുന്നിൽ കണ്ട് മുന്നോട്ടുപോയാൽ മാത്രമേ രാജ്യത്തെ വീണ്ടെക്കാൻ കഴിയൂ. ഫാസിസത്തോട് ഒരു കാലത്തും സന്ധി ചെയ്തിട്ടില്ലാത്ത ഭരണഘടനാ ശിൽപി ഡോക്‌ടർ ബി.ആർ.അംബേദ്കറെ പോലും തങ്ങളുടേതാക്കി മാറ്റാനുള്ള സവർണ വർഗ ആഖ്യാനങ്ങളെയും നിഗൂഢമായ ശ്രമങ്ങളെയും തിരിച്ചറിഞ്ഞു തോൽപിക്കണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.

Advertisement

എഴുത്തുകാരനും പ്രഭാഷകനുമായ ടി മുഹമ്മദ് വേളം പ്രഭാഷണം നടത്തി. മനുഷ്യരുടെ അടിമത്തത്തിൽ നിന്നും ദൈവത്തിൻ്റെ അടിമത്തത്തിലേക്ക് മനുഷ്യനെ വിമോചിപ്പിച്ച മഹാനായ നേതാവായിരുന്നു പ്രവാചകൻ മുഹമ്മദ് എന്ന് അദ്ദേഹം പറഞ്ഞു. നീതിക്ക് വേണ്ടി നിലകൊള്ളുവാനും പോരാടുവാനുമുള്ള നിരവധി പാഠങ്ങൾ പ്രവാചക ജീവിതത്തിൽ കാണാൻ കഴിയും. മനുഷ്യസമത്വം ഉദ്‌ഘോഷിക്കുക മാത്രമല്ല അത് പ്രയോഗതലത്തിൽ കാണിച്ചു കൊടുക്കുകയും ചെയ്‌തു.

കാമ്പയിനിന്റെ ഭാഗമായി നടന്ന ക്വിസ് ബൊണാൻസയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം നടത്തി. ഗിരീഷ് മിഖായേൽ, രാധിക, വിനയ് വേണുഗോപാൽ, സമീറ, മെഹ്ബൂബ, ഹുസ്‌ന എന്നിവർ ഒന്നും രണ്ടും ഘട്ടങ്ങളിൽ വിജയികളായി. ഫൈനൽ റൗണ്ട് ക്വിസ് മത്സരത്തിന് അൻവർ സഈദ് നേതൃത്വം നൽകി. അബ്ബാസിയ ആസ്പെയർ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി.പ്രസിഡണ്ട് പി.ടി. ശരീഫ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും കാമ്പയിൻ ജനറൽ കൺവീനർ സക്കീർ ഹുസൈൻ തുവ്വൂർ നന്ദി പ്രകടനവും നടത്തി. കുവൈത്തിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ സംബന്ധിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.