കൊല്ലം പട്ടത്താനത്ത് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയ നിലയിൽ
കൊല്ലം: കൊല്ലം പട്ടത്താനത്ത് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയ നിലയിൽ. ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9) മകൾ ദേവനന്ദ (4) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീട്ടിലെ സ്റ്റെയർകെയ്സിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം. താൻ ആത്മഹത്യ ചെയ്യുകയാണെന്നും, ലോകത്തോട് വിട പറയുകയാണെന്നും പ്രമോദ് തന്‍റെ മൂത്ത സഹോദരനും ഭാര്യ ലക്ഷ്മിക്കും വാട്ട്സ് ആപ്പിൽ മെസേജ് അയച്ചിരുന്നു. അർദ്ധരാത്രി 1.55 ഓടെയാണ് മെസേജ് ലഭിച്ചത്. എന്നാൽ ഇരുവരും സന്ദേശം രാവിലെയാണ് കാണുന്നത്. മെസേജ് കണ്ട് ഭയന്ന ലക്ഷ്മി വിവരം തന്‍റെ അമ്മയെ വിളിച്ചറിയിച്ചുലക്ഷ്മിയുടെ അമ്മ സ്ഥലത്തെത്തി ബന്ധുക്കളെ വിളിച്ച് വീട്ടിലെത്തിയപ്പോൾ ഗേറ്റ് പൂട്ടികിടക്കുകയായിരുന്നു. ഗേറ്റ് ചാടിക്കടന്ന് വീട്ടിലെത്തിയപ്പോഴാണ് മൂന്ന് പേരുടെയും മരണം പുറത്തറിയുന്നത്. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പ്രമോദ് കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കുന്നു.