ഡോ. റുവൈസിന്റെ പിതാവ് ഒളിവിൽ,
ബന്ധുക്കളെ ചോദ്യം ചെയ്യും
കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ പിജി വിഭാഗത്തിലെ സർജറി വിദ്യാർഥിനി ഡോ. ഷഹ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റിമാൻഡിൽ ജെയിലിലായ ഡോ. റുവൈസിന്റെ മാതാപിതാക്കളടക്കം ബന്ധുക്കൾ കേസിൽ പ്രതികളായേക്കും. ഡോ. ഷഹ്‌നയുടെ ബന്ധുക്കളുടെ മൊഴിപ്രകാരം പൊലീസ് ഇന്നലെ റുവൈസിന്റെ കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. പിതാവിന്റെ പങ്കിനെക്കുറിച്ചു ചോദിക്കാനാണ് വന്നതെങ്കിലും അയാൾ ഒളിവിൽ പോയിരുന്നു. സ്റ്റേഷനിൽ ഹാജരായി മൊഴി നൽകണമെന്നു നിർദേശം നൽകിയ ശേഷമാണ് അവർ മടങ്ങിയത്.
അതിനിടെ മരിച്ച ഷഹ്‌നയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. നിയമം കൊണ്ടല്ല, യുവാക്കളുടെ ബോധവൽക്കരണത്തിലൂടെ മാത്രമേ സ്ത്രീധനം എന്ന വിപത്തിനെ തടയാനാവൂ എന്ന് ഗവർണർ പറഞ്ഞു. സ്ത്രീധനം വാങ്ങില്ലെന്നും കൊടുക്കില്ലെന്നും കേരളത്തിലെ യുവാക്കൾ തീരുമാനിക്കണം. അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം. സ്ത്രീധനം ചെറുക്കാൻ 16 നിയമങ്ങൾ നമുക്കുണ്ട്. എന്നാൽ അവ പ്രാവർത്തികമാക്കുന്നതിലെ പാളിച്ചകളാണ് സ്ത്രീധന പീഡനം വർധിക്കാനും അതുമൂലമുള്ള ആത്മഹത്യകൾക്കും കാരണമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
അതിനിടെ ഷഹ്‌ന ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുൻപ് റുവൈസിനെ ഫോണിൽ അതു സംബന്ധിച്ച് മെയേജ് ഇട്ടിരുന്നു. എന്നാൽ ഷഹ്‌നയെ പിന്തിരിപ്പിക്കുന്നതിനു പകരം അവരുടെ ഫോൺ ബ്ലോക്ക് ചെയ്യുകയാണ് റുവൈസ് ചെയ്തതെന്നുപൊലീസ്.