സംസ്ഥാന സിവിൽ സർവീസ് കായിക മത്സരങ്ങളിൽ കായിക താരങ്ങൾക്ക് ഏർപ്പെടുത്തിയ ഫീസ് പിൻവലിക്കണം; ചവറ ജയകുമാർ
തിരുവനന്തപുരം: സംസ്ഥാന സിവിൽ സർവീസ് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് കായിക താരങ്ങൾക്കു സർക്കാർ ഏർപ്പെടുത്തിയ ഫീസ് പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ അസ്സോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു.
2023-24 സാമ്പത്തിക വർഷത്തെ ദേശീയ സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമുകളെ തിരഞ്ഞെടുക്കുന്ന സെലക്ഷൻ ട്രയൽസിനാണ് കായിക താരങ്ങളിൽ നിന്ന് രജിസ്‌ട്രേഷൻ ഫീസ് ഈടാക്കുന്നത്.
സർക്കാർ സർവ്വീസിലെ കായിക താരങ്ങളെ കണ്ടെത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കാലാകാലങ്ങളായി നടന്നു വരുന്ന കായികമേളയാണ്. ഇതിൽ വിജയിക്കുന്നതു വഴി വലിയ സമ്മാനങ്ങളോ
ശമ്പള വർദ്ധനവോ പ്രമോഷനോ ഒന്നും ലഭിക്കുന്നില്ല. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം തങ്ങളുടെ പ്രതിഭ മാറ്റുരയ്ക്കാൻ കിട്ടുന്ന അവസരം മാത്രമാണ് സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം സിവിൽ സർവീസ് ടൂർണമെന്റ്. ഈ സാഹചര്യത്തിലാണ് വെറും സാമ്പത്തിക ലാഭം നോക്കി സർക്കാർ ജീവനക്കാരുടെ സകല ആനുകൂല്യങ്ങളും തടഞ്ഞുവച്ചതിനു പിന്നാലെ വീണ്ടും ഫീസിനത്തിൽ പണം പിരിച്ചെടുക്കുന്നത്.
കായിക താരങ്ങളിൽ നിന്ന് രജിസ്‌ട്രേഷൻ ഫീസ് ഈടാക്കുന്ന തീരുമാനം സർക്കാർ പിൻവലിക്കണം. ഇതു പിൻവലിക്കുന്നത് വഴി സർക്കാർ മറ്റു തൊഴിൽ ദാതാക്കൾക്ക് മാതൃകയാവുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.