For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീസിന് അമ്പത് ശതമാനം വര്‍ധന

07:59 PM Jun 26, 2024 IST | Online Desk
തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീസിന് അമ്പത് ശതമാനം വര്‍ധന
Advertisement

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ യൂസേഴ്സ് ഫീസ് അമ്പത് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി (എഇആര്‍എ) അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. നിലവില്‍ അന്തര്‍ദേശീയ യാത്രക്കാര്‍ 950 രൂപയും ആഭ്യന്തര യാത്രക്കാര്‍ 450 രൂപയുമാണ് യൂസേഴ്സ് ഫീസ് നല്‍കേണ്ടത്. പുതിയ താരിഫ് അനുസരിച്ച് ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും അന്തര്‍ദേശീയ യാത്രക്കാര്‍ 1,540 രൂപയും (നികുതികള്‍ ഒഴികെ) നല്‍കേണ്ടിവരും. വിമാനത്താവളം ആവശ്യപ്പെട്ട വര്‍ദ്ധനവിനേക്കാള്‍ കുറവാണിതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് വിമാനത്താവള നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement

അതേസമയം, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ ഉള്‍പ്പടെ 4.44 ലക്ഷം യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 50 ലക്ഷം യാത്രക്കാര്‍ എന്നതാണ് ലക്ഷ്യം.

അതിനിടെ, അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1,200 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിമാനത്താവളത്തിന് അനുമതി ലഭിച്ചു. റണ്‍വേ റീകാര്‍പെറ്റിംഗ്, അന്താരാഷ്ട്ര ടെര്‍മിനല്‍ വിപുലീകരണം, മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കല്‍, പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) എന്നിവയുടെ നിര്‍മ്മാണം എന്നിവയാണ് പ്രധാന വികസന പദ്ധതികള്‍.

റണ്‍വേ വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനുളള നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പന്ത്രണ്ട് ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്ത് നല്‍കാനൊരുങ്ങുന്നത്. സുരക്ഷിതമായ വിമാന ലാന്‍ഡിംഗ് ഉറപ്പുവരുത്തുന്നതിന് റണ്‍വേയുടെ ഇരുവശത്തേയും സ്ട്രിപ്പ് 150 മീറ്റര്‍ വികസിപ്പിക്കണമെന്നാണ് ഡയറിക്ടര്‍ ഒഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിക്കുന്നത്.

Author Image

Online Desk

View all posts

Advertisement

.