സാമ്പത്തിക പ്രതിസന്ധി: ആർസി, ഡ്രൈവിങ് ലൈസൻസ് വിതരണം നിലച്ചു
കൊച്ചി: ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിവിധ സേവനങ്ങൾ മോട്ടോർ വാഹന വകുപ്പ് നിലച്ചതായി സൂചന. ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്(ആർസി) ഉൾപ്പെടെയുള്ള സേവനങ്ങളാണ് നിർത്തിവെച്ചതായി ലഭിക്കുന്ന വിവരം. നിരവധി ആളുകളാണ് ഡ്രൈവിങ് ലൈസൻസും ആർസി സർട്ടിഫിക്കറ്റും ഏറെ നാളുകളായി കാത്തിരിക്കുന്നത്. പിവിസി കാർഡുകളുടെ രൂപത്തിൽ ലൈസൻസുകൾ നിർമ്മിക്കുന്ന കമ്പിനിക്ക് നൽകുവാനുള്ള തുകയിൽ വലിയ കുടിശ്ശിക വന്നതോടെയാണ് അച്ചടി നിർത്തിവെച്ചിരിക്കുന്നത്. നിലവിൽ കുടിശ്ശിക എട്ടു കോടിയിലേറെ ആണെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ആണ് (ഐടിഐ) ഡ്രൈവിങ് ലൈസൻസ് പിവിസി കാർഡ് രൂപത്തിൽ നിർമ്മിക്കുന്നത്. ആർസികും ലൈസൻസിനും അപേക്ഷിക്കുന്നവരിൽ നിന്നും മുൻകൂറായി 245 രൂപ ഈടാക്കാറുണ്ട്. അപേക്ഷകരിൽ നിന്നും തുക ഈടാക്കുന്നുണ്ടെങ്കിലും നിർമ്മിക്കുന്ന കമ്പനിക്ക് ഈ തുക കൃത്യമായി കൈമാറിയില്ല. ഒരു കാർഡിന് 398 രൂപ നിരക്കിൽ സ്വകാര്യ കമ്പനി ആദ്യം അപേക്ഷ നൽകിയെങ്കിലും കോടതി ഇടപെട്ട് ഒരു കാർഡിന് 60 രൂപയ്ക്ക് ഐടിഐയ്ക്ക് കരാർ നൽകുകയായിരുന്നു. ഐടിഐയ്ക്ക് ഉടൻ പണം നൽകാമെന്ന് സുപ്രീം കോടതിയിൽ സർക്കാർ ഉറപ്പുനൽകിയെങ്കിലും ഇതുവരെയും പാലിച്ചിട്ടില്ല. അതേസമയം, ഇപ്പോഴും രജിസ്ട്രേഷൻ നടക്കുന്നുണ്ടെങ്കിലും നവംബർ 23 മുതൽ ഡ്രൈവിങ് ലൈസൻസും ആർസിയും നൽകുന്നില്ല. ഈ കാലയളവിൽ രജിസ്റ്റർചെയ്ത വാഹനങ്ങളും ഡ്രൈവിങ് ലൈസൻസ് എടുത്തവരുമായി ഏറെക്കുറെ ഒന്നേകാൽ ലക്ഷത്തിലധികം പേരുണ്ടാകുമെന്നാണ് സൂചന. എറണാകുളം തേവര കെയുആർടിസി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ സെൻട്രലൈസ്ഡ് പ്രിന്റിംഗ് കേന്ദ്രത്തിലാണ് ലൈസൻസുകളും ആർസിയും അച്ചടിക്കുന്നത്.