പ്രഥമ ഉമ്മൻചാണ്ടി അവാർഡ് സിസ്റ്റർ ലിസി ചക്കാലയ്ക്കലിന്, പ്രഥമ സി പി ശ്രീധരൻ അവാർഡ് ഡോ. എം ലീലാവതി ടീച്ചർക്ക്, മാധ്യമ അവാർഡ് ആർ രാജഗോപാലിന്
കൊച്ചി: വിവിധ മേഖലകളിലെ പ്രമുഖർക്ക് വീക്ഷണം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളം കണ്ട ഏറ്റവും മികച്ച ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം നൽകുന്ന ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പ്രഥമ വീക്ഷണം ഉമ്മൻചാണ്ടി സ്മാരക പുരസ്കാരത്തിന് സിസ്റ്റർ ലിസി ചക്കാലയ്ക്കൽ അർഹയായി. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് വീക്ഷണം ഏർപ്പെടുത്തിയ വീക്ഷണം സി പി ശ്രീധരൻ സ്മാരക പുരസ്കാരത്തിന് ഡോ. എം ലീലാവതി ടീച്ചർ അർഹയായി. പത്രപ്രവർത്തനരംഗത്തെ ശ്രദ്ധേയ ഇടപെടലുകൾക്ക് വീക്ഷണം മാധ്യമ പുരസ്‌കാരത്തിന് ആർ രാജഗോപാലും (ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ) അർഹനായി. മികച്ച സംരംഭകർക്കുള്ള വീക്ഷണം ബിസിനസ് അവാർഡുകളും പ്രവാസ മേഖലയിലെ ശ്രദ്ധേയ ഇടപെടലുകൾക്ക് വീക്ഷണം പ്രവാസി പുരസ്കാരവും ചടങ്ങിൽ നൽകും. ഫെബ്രുവരി 19ന് വൈകുന്നേരം 6ന് ഗോകുലം ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ ജ ജോർജ്, കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് വീക്ഷണം മാനേജിങ് ഡയറക്ടർ ജയ്സൺ ജോസഫ് എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.