Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ധനകാര്യ മിസ്മാനേജ്മെന്റും ധൂർത്തും; പി കെ കുഞ്ഞാലിക്കുട്ടി

07:07 PM Jan 24, 2024 IST | Veekshanam
Advertisement

പണിമുടക്കി, സർക്കാർ ജീവനക്കാരും അധ്യാപകരും

Advertisement

തിരുവനന്തപുരം: കേരളത്തിലെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ധനകാര്യ മിസ്മാനേജ്മെന്റും ധൂർത്തുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
യു.ടി.ഇ.എഫിന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിന്റെ ഭാഗമായുള്ള സെക്രട്ടേറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വരുമാനം കണക്കിലെടുക്കാതെ പരിധിയിൽ കവിഞ്ഞ കടമെടുപ്പാണ് ഈ അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഉത്പാദനപരമായ മേഖലയിൽ പണം വിനിയോഗം നടത്തി വരുമാനം വർധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണ പരിപാടികൾക്ക് പൊതു ഖജനാവിൽ നിന്നുള്ള പണം ചെലവഴിക്കുകയാണ്. സർക്കാർ ചെലവിൽ തിരഞ്ഞെടുപ്പ് പ്രചരണം മാത്രമാണ് നവകേരള ജനസദസ്സ് എന്നത്. വികസന വിഷയങ്ങളിൽ സാമ്പത്തിക പ്രതിസന്ധി എന്ന് വിലപിക്കുന്ന സർക്കാർ അനാവശ്യ ചെലവുകൾ കുറക്കാൻ തയ്യാറാകുന്നില്ല. ഈ ധനകാര്യ മിസ് മാനേജ്മെന്റ് കേരളത്തിന്റെ സമ്പദ്ഘടനയെ അപ്പാടെ തകർക്കുന്ന സാഹചര്യമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ഇതേ സാമ്പത്തിക പ്രതിസന്ധി പറഞ്ഞാണ് സംസ്ഥാന ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടയുന്നത്. കഴിഞ്ഞ 36 മാസമായി കുടിശ്ശികയായ 18% ക്ഷാമബത്ത നല്കാൻ സർക്കാർ തയ്യാറായിട്ടില്ല. വിലക്കയറ്റത്തെ ആഗോള പ്രതിഭാസമെന്ന് പറഞ്ഞ് ന്യായീകരിക്കാനിറങ്ങുന്ന ഭരണവർഗ്ഗം ഭക്ഷ്യ പൊതുവിതരണ സമ്പ്രദായത്തെ ഒന്നടങ്കം തകർക്കുകയാണ്. മൂന്നു വർഷമായിട്ടും ക്ഷാമബത്ത ലഭിക്കാത്ത അവസ്ഥയിൽ ജീവനക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

നികുതി വർദ്ധനയ്ക്കെതിരെ സമരം ചെയ്ത യൂത്ത് കോൺഗ്രസ്കാരേയും കെ.എസ്.യു കാരേയും തെരുവിൽ നേരിട്ടെതുപോലെയാണ് ജീവനക്കാരുടെയും സമരത്തെ നേരിടാൻ ശ്രമിക്കുന്നത്.അഞ്ചു വർഷം മുമ്പ് നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക പോലും ഇതേ വരെ ലഭിച്ചിട്ടില്ല. ലീവ് സറണ്ടർ നിഷേധിച്ചിട്ടും അഞ്ച് വർഷമായി. കുടിശ്ശിക തുക പി.എഫിൽ ലയിപ്പിക്കുമെന്ന് ഉത്തരവിറക്കിയിട്ടും പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ഇതുവരെയും വന്നിട്ടില്ല.
ഈ സർക്കാർ ഏറ്റവും അധികം വഞ്ചിച്ചത് പങ്കാളിത്ത പെൻഷൻകാരേയാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും അധികാരത്തിലെത്താനായി പങ്കാളിത്ത പെൻഷൻ കാരെ ഉപയോഗിച്ച ഭരണകൂടം അധികാര കസേരയിൽ എട്ടു വർഷം പൂർത്തിയാക്കുമ്പോഴും അത് പിൻവലിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ ഈ സർക്കാർ ബാധ്യസ്ഥരാണ്. പക്ഷേ അത് പിൻവലിക്കുന്നതിനേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പോലും പുറത്തു വിടാതെ ഇരിക്കുകയും റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കാതെ പദ്ധതി തുടർന്നു കൊണ്ടു പോകുമെന്ന് ഗ്യാരണ്ടി വച്ച് കൊണ്ട് 3000 കോടി രൂപ കടമെടുക്കുകയും ചെയ്തു. ജീവനക്കാരുടെ ആരോഗ്യ സുരക്ഷയ്ക്കായി മെഡിസെപ്പ് പദ്ധതി കൊണ്ടുവന്നെങ്കിലും ആവശ്യത്തിന് ആശുപത്രികളും ചികിത്സയും ലഭ്യമല്ലാത്ത സാഹചര്യമാണ്. വർഷാവർഷം ജീവനക്കാരുടെ കൈയിൽ നിന്നും 6000 രൂപ നിർബന്ധിതമായി പിടിച്ചെടുക്കുന്ന ഈ പദ്ധതി ജീവനക്കാർക്ക് യാതൊരു പ്രയോജനവും ചെയ്യുന്നില്ല. മെഡിസെപ്പിന്റെ നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി ഉണ്ടാക്കിയ കരാർ തന്നെ ദുരൂഹമാണ്. അത് പൊതു സമൂഹത്തിന് മുമ്പിൽ പരസ്യപ്പെടുത്തിയിട്ടില്ല.
ജീവനക്കാരുടെ ഭവന വായ്പാ പദ്ധതിയും, സി.സി.എ യും നിർത്തലാക്കിയ സർക്കാർ വീട്ടുവാടക ബത്തയുടെ കാര്യത്തിലും ജീവനക്കാരോട് വിവേചനപരമായാണ് പെരുമാറുന്നത്. പഞ്ചായത്ത് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 4% മാത്രമാണ് HRA ഇനത്തിൽ കിട്ടുന്നത്. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം തകർക്കുകയാണ്. VHSE യെ നിർത്തലാക്കാനുള്ള നീക്കം ഹയർസെക്കൻഡറി മേഖലയിൽ തിരിച്ചടി ഉണ്ടാക്കും. പാഠപുസ്തക പരിഷ്ക്കരണത്തിലും ഏകപക്ഷീയമായ ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. സ്വാതന്ത്ര്യ സമര നായകരെ തമസ്കരിക്കുന്നതിനും ചരിത്രത്തിന്റെ വക്രീകരണത്തിനുമാണ് പുതിയ പരിഷ്കാരങ്ങളിലൂടെ തുടക്കമിടുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനോ അതിന് പരിഹാരം ഉണ്ടാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാരായി സർക്കാർ ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഉയർത്തി കാട്ടുന്ന ഭരണകൂടം സ്വന്തം കെടുകാര്യസ്ഥത മറച്ചുവെയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

യു.ടി.ഇ.എഫ് സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷനായി. എം വിൻസെന്റ് എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തി.
മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം,സിബി മുഹമ്മദ്, എ.വി. ഇന്ദുലാൽ , കെ.സി സുബ്രഹ്മണ്യം , എം.എസ്. ഇർഷാദ്, എം.എം ജാഫർ ഖാൻ , വട്ടപ്പാറ അനിൽ, ആർ. അരുൺ കുമാർ , ഒ.ടി. പ്രകാശ്, രമേശ് എം. തമ്പി ,അനിൽ എം ജോർജ്ജ്, എസ് മനോജ് , പ്രദീപ് കുമാർ, പി.കെ. അബ്ദുൾ അസീസ് പോത്തൻകോട് റാഫി , കെ. ബിനോദ്, അനസ്, അരുൺകുമാർ എന്നിവർ തുടർന്ന് സംസാരിച്ചു.

Tags :
kerala
Advertisement
Next Article