മത്സ്യക്കുരുതി; മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റിയെന്ന് ഫോർട്ടുകൊച്ചി സബ് കളക്ടറുടെ റിപ്പോർട്ട്
കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച പറ്റിയെന്ന് ഫോർട്ടുകൊച്ചി സബ് കലക്ടറുടെ റിപ്പോർട്ട്.
മത്സ്യത്തൊഴിലാളികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിരീക്ഷണ സംവിധാനം കൊണ്ടുവരാനുള്ള നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. സബ് കലക്ടറുടെ റിപ്പോർട്ട് രാവിലെ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ അന്വേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞുകൊണ്ടുള്ളതാണ് സബ് കലക്ടർ കെ മീരയുടെ റിപ്പോർട്ട്. മത്സ്യക്കുരുതിക്ക് കാരണം വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് എന്നതായിരുന്നു മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണ്ടെത്തൽ.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിൽ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പെരിയാറിലേക്ക് തള്ളുന്ന രാസമാലിന്യത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. എന്നാൽ ഇതിനെ തള്ളിക്കൊണ്ടായിരുന്നു കുഫോസ് പഠന സമിതിയുടെ റിപ്പോർട്ട്. പെരിയാറിൽ അമോണിയയും ഹൈഡ്രജൻ സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. രാസവസ്തുക്കൾ ഉള്ളിൽ ചെന്നതിൻ്റെ ആന്തരിക ക്ഷതം മത്സ്യങ്ങൾക്കുണ്ടായിരുന്നെന്നും കുഫോസിലെ ഏഴംഗ പഠനസമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെരിയാറിലെ രാസമാലിന്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന നിർദേശം ഉൾക്കൊള്ളിച്ചുകൊണ്ട് സബ് കലക്ടർ റിപ്പോർട്ട് നൽകിയിരിക്കുന്നത്.