പുലര്‍വെട്ടമെത്തുംമുമ്പേ ഹാര്‍ബറിലെത്തി എംകെ രാഘവന്‍; സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ആവേശത്തോടെ മത്സ്യതൊഴിലാളികള്‍
യുഡിഎഫ് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി എംകെ രാഘവന്റെ പര്യടനം അതിരാവിലെ തന്നെ തുടങ്ങുന്നതാണ് ഇപ്പോഴത്തെ രീതി. സൂര്യനുദിക്കും മുന്നേ കാലത്ത് ആറ് മണിക്ക് ബേപ്പൂര്‍ ഹാര്‍ബറിലെത്തിയായിരുന്നു എംകെ രാഘവന്റെ ഇന്നത്തെ പര്യടനം. പുലര്‍വെട്ടമെത്തുംമുമ്പേ തുറമുഖത്തെത്തിയ രാഘവേട്ടനെ കണ്ട മത്സ്യതൊഴിലാളികള്‍ സ്ഥാനാര്‍ഥിയെ ആവേശത്തോടെ സ്വീകരിക്കാന്‍ എത്തി.
രാത്രികാല മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറിലേക്ക് മടങ്ങുന്നവരും കച്ചവടക്കാരും വിതരണക്കാരുമായി തുറമുഖം ആളുകളാല്‍ നിറഞ്ഞ നേരത്താണ് എംകെ രാഘവന്‍ സന്ദര്‍ശനത്തിനെത്തിയത്. കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ തീരദേശ മേഖലയുടെ വികസനത്തിന് എംപിയെന്ന നിലയില്‍ വലിയ തോതില്‍ ഇടപെടല്‍ നടത്തിയ സ്ഥാനാര്‍ഥിക്ക് വന്‍ വരവേല്‍പ്പാണ് ബേപ്പൂര്‍ ഹാര്‍ബറിലെ മത്സ്യ തൊഴിലാളികള്‍ ഒരുക്കിയത്.
തുറമുഖ തീരത്തൂടെയും കരക്കടുപ്പിച്ച ബോട്ടുകള്‍ക്കിടയിലൂടെയുമായി എംകെ രാഘവന്‍ മത്സ്യതൊഴിലാളികളോട് കുശലാന്വേഷണങ്ങള്‍ നടത്തി നടന്നു. പലരും രാഘവേട്ടനൊപ്പം തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ചോദിച്ചറിയുകയും ഫോട്ടോയെടുക്കുകയും ഉണ്ടായി. ആഴക്കടല്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ കാലത്ത് ഹാര്‍ബറിലെത്തിച്ച വലിയ പുതിയ മത്സ്യങ്ങളെ ചിലര്‍ സ്ഥാനാര്‍ത്ഥിയെ കാണിച്ചു.
ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനത്തെക്കുറിച്ചും സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചും എംപി ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. കോഴിക്കോട് നഗരത്തിലെ ദേശീയ പാതയുടെ ജംഗ്ഷനായ മാലാപ്പറമ്പിനെ ബേപ്പൂര്‍ ഹാര്‍ബറുമായി ബന്ധിപ്പിക്കുന്ന നാലുവരി പാതക്കായി ബില്‍ അവതരിപ്പിച്ച എംപിയുടെ പദ്ധതി ഇപ്പോള്‍ ഡിപിആര്‍ ഘട്ടത്തിലാണ് ഉള്ളത്. ഇത് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്ന മുറക്ക് യാഥാര്‍ത്ഥ്യമാവും. കോഴിക്കോട് നഗരത്തെ ബേപ്പൂര്‍ തുറമുഖവുമായി ബനന്ധിപ്പിക്കുന്ന മെട്രോ റെയില്‍ ആരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബേപ്പൂര്‍ മത്സ്യബന്ധന ഹാര്‍ബര്‍ ജെട്ടി ആഴം കൂട്ടുന്നതിന് ആവശ്യമായ കേന്ദ്രാവിഷ്‌കൃത പദ്ധതി എത്തിക്കുന്നതിലും എംകെ രാഘവന്‍ എംപിയുടെ സജീവ ഇടപെടലുണ്ടായിരുന്നു. നിലവിലെ വാര്‍ഫ് അടിത്തട്ടില്‍ അടിഞ്ഞ മണ്ണും ചെളിയും നീക്കി യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സൗകര്യപ്രദമായ സഞ്ചാരപാത ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തൊഴിലാളി യൂണിയന്‍ നേതാക്കളേയും സ്ഥാപനങ്ങളും സന്ദര്‍ശിച്ച സ്ഥാനാര്‍ഥി വോട്ടഭ്യര്‍ത്ഥനയും നടത്തി. ബേപ്പൂര്‍ തുറമുഖത്ത് ബോട്ടുകളില്‍ മാത്രം ആറായിരത്തോളം തൊഴിലാളികളുണ്ട്. ഹാര്‍ബറില്‍ ആയിരത്തോളം അനുബന്ധ തൊഴിലാളികളും. മേഖലയിലെ ഐസ് ഫാക്ടറികള്‍, പിക്കപ് വാഹന ഡ്രൈവര്‍മാര്‍, ചുമട്ടു തൊഴിലാളികള്‍, മത്സ്യമേഖലയെ ആശ്രയിച്ചുള്ള മറ്റു തൊഴിലാളികളും. പുലര്‍ച്ചെ തന്നെ സന്ദര്‍ശനെത്തിയതോടെ കഴിയുന്നത്ര പേരെ നേരില്‍ കണ്ടാണ് സ്ഥാനാര്‍ഥി മടങ്ങിയത്. യുഡിഎഫ് നേതാക്കളായ കെ സുരേഷ്, ടികെ അബ്ദുല്‍ ഗഫൂര്‍, രാജീവ് തിരുവിച്ചറ, അനില്‍ കുമാര്‍, അസീസ്, കരിച്ചാലി പ്രേമന്‍, എംപി പദ്മനാഭന്‍, രമേശ് നമ്പിയത്ത്, രാജേഷ് അച്ചാറമ്പത്ത്, പ്രണേഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥി എംകെ രാഘവനെ അനുഗമിച്ചു.