മുംബൈയിലെ അഞ്ച് പ്രവേശന കവാടങ്ങള്‍ ടോള്‍രഹിതം
മുംബൈ: തിങ്കളാഴ്ച രാത്രി മുതല്‍ മുംബൈ നിവാസികള്‍ക്ക് ടോള്‍ ഇല്ലാതെ സഞ്ചരിക്കാം. മഹാരാഷ്ട്ര സര്‍ക്കാര്‍ നഗരത്തിലെ അഞ്ച് പ്രവേശന കവാടങ്ങളിലും പൂര്‍ണ ടോള്‍ ഇളവ് പ്രഖ്യാപിച്ചു.കാറുകള്‍, ജീപ്പുകള്‍, വാനുകള്‍, ചെറിയ ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് പൂര്‍ണ ടോള്‍ ഇളവ്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് ടോള്‍ പിരിവ് നിയന്ത്രിക്കുന്നത്.
മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രി സഭ യോഗത്തിനു ശേഷമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12 മണി മുതല്‍ ടോള്‍രഹിത പ്രവേശനം നടപ്പാക്കും.ദഹിസര്‍, മുളുണ്ട് വെസ്റ്റ് (എല്‍.ബി.എസ് റോഡ്), വാഷി, ഐറോളി, മുളുണ്ട് ഈസ്റ്റ് എന്നീ ടോള്‍ ബൂത്തുകളിലാണ് ടോള്‍ പിരിവ് അവസാനിപ്പിച്ചത്. എല്ലാ ടോള്‍ പ്ലാസകളിലും ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഈടാക്കിയിരുന്നത് 45 രൂപയാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ മഹായുതി സര്‍ക്കാറിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് മന്ത്രിസഭാ തീരുമാനം. ടോള്‍ നിര്‍ത്തലാക്കണമെന്നത് നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെയും പൗര ഗ്രൂപ്പുകളുടെയും ദീര്‍ഘകാല ആവശ്യമായിരുന്നു.
ടോള്‍ ഫീ നല്‍കാതെ മുംബൈയിലേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ ഈ തീരുമാനം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മേല്‍പ്പാലങ്ങളുടെ നിര്‍മാണച്ചെലവ് ഈടാക്കുന്നതിനാണ് നഗരത്തിലെ പ്രവേശന കേന്ദ്രങ്ങളില്‍ ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. 2002 ആയപ്പോഴേക്കും അഞ്ച് ടോള്‍ ബൂത്തുകളും പ്രവര്‍ത്തനക്ഷമമാവുകയും ടോള്‍ പിരിവ് ആരംഭിക്കുകയും ചെയ്തു.