നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
ഈറോഡ്: നവജാത ശിശുവിനെ വില്‍പ്പന നടത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് പിതാവുള്‍പ്പടെ ചേര്‍ന്ന് വിറ്റത്. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. സി സന്തോഷ് കുമാര്‍(28), ആര്‍ സെല്‍വി(47), എ സിദ്ദിഖ ഭാനു(44), എസ് രാധ(39), ജി രേവതി(35) എന്നിവരാണ് അറസ്റ്റിലായത്.
തഞ്ചാവൂര്‍ സ്വദേശിയായ 28-കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. സന്തോഷ് കുമാറാണ് പിതാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതി ഈറോഡിലെത്തിയത്. തുടര്‍ന്ന് സന്തോഷ് കുമാറുമായി അടുപ്പത്തിലായി. സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിനടുത്താണ് ഇരുവരും താമസിച്ചിരുന്നത്.
ഗര്‍ഭിണിയായതോടെ ഗര്‍ഭഛിദ്രത്തിന് സഹായം തേടിയാണ് യുവതി സെല്‍വിയെ സമീപിക്കുന്നത്. എന്നാല്‍ ഇവര്‍ സമീപിച്ച ആശുപത്രികളെല്ലാം ഗര്‍ഭഛിദ്രത്തിന് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സെല്‍വിക്കൊപ്പമായിരുന്നു താമസം. ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
സെല്‍വിയുടെ ആവശ്യപ്രകാരമാണ് കുഞ്ഞിനെ വില്‍ക്കാന്‍ യുവതിയും സന്തോഷ് കുമാറും തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഒക്ടോബര്‍ 30നാണ് കുഞ്ഞിനെ നാഗര്‍കോവിലില്‍ നിന്നുള്ള ദമ്പതികള്‍ക്ക് ഇവര്‍ വിറ്റത്. നാലര ലക്ഷം രൂപയും ഇവരില്‍ നിന്ന് പ്രതികള്‍ വാങ്ങി. സിദ്ദിഖ ഭാനു, രാധ, രേവതി എന്നിവരായിരുന്നു വില്‍പ്പനയുടെ ഇടനിലക്കാര്‍.
ഇതിന് പിന്നാലെ കുഞ്ഞിനെ വിറ്റതിന് ലഭിച്ച നാലര ലക്ഷത്തില്‍ തനിക്ക് ലഭിച്ച വിഹിതം മതിയായില്ലെന്ന് പറഞ്ഞ് കുഞ്ഞിന്റെ അമ്മ മറ്റുള്ളവരുമായി ഇടഞ്ഞു. ഇതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. യുവതി വിവരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിനോട് വെളിപ്പെടുത്തി. ഇവര്‍ വിവരം അധികൃതരെ അറിയിക്കുകയും ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പൊലീസ് രക്ഷപ്പെടുത്തിയ കുഞ്ഞ് നിലവില്‍ ഈറോഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ അമ്മയുടെയും കുഞ്ഞിനെ പണം നല്‍കി വാങ്ങിയവരുടെയും അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഈറോഡ് എസ്പി ജി ജവാഹര്‍ അറിയിച്ചു