വിമാനം വൈകുന്ന സംഭവങ്ങള്‍: എയര്‍ ഇന്ത്യക്ക് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്
വിമാനം വൈകുന്നതും അത് മൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതുമായ സാഹചര്യങ്ങൾ തുടരെ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
വ്യാഴാഴ്ച (മെയ് 30) ദേശീയ തലസ്ഥാനത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ഡെല്‍ഹി-സാന്‍ ഫ്രാന്‍സിസ്‌കോ വിമാനം പ്രവര്‍ത്തന കാരണങ്ങളാല്‍ 24 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്നാണ് നടപടി.ഡിജിസിഎ നല്‍കിയ കത്തില്‍ എഐ 183 ഡെല്‍ഹി-സാന്‍ ഫ്രാന്‍സിസ്‌കോ, എഐ 179 മുംബൈ-സാന്‍ ഫ്രാന്‍സിസ്‌കോ ഫ്‌ളൈറ്റുകള്‍ വൈകിയത് പരാമര്‍ശിച്ചിരിക്കുന്നു.
ഒരാഴ്ചയ്ക്കുള്ളിലാണ് രണ്ട് വിമാനങ്ങളും വൈകിയത്. വിമാനങ്ങള്‍ വൈകുകയും മതിയായ സൗകര്യങ്ങൾ ഇല്ലാതിരിക്കുകയും ചെയ്തതിനാൽ യാത്രക്കാര്‍ അസ്വസ്ഥരാകുകയും ചെയ്‌തെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വിവിധ ഡിജിസിഎ വ്യവസ്ഥകള്‍ ലംഘിക്കുന്ന രീതിയില്‍ യാത്രക്കാരെ അസ്വസ്ഥരാക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.