മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കം: അഞ്ച് പേര്‍ മരിച്ചു
മഹാരാഷ്ട്ര: കഴിഞ്ഞ ദിവസങ്ങളില്‍ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. കനത്ത മഴയെത്തുടര്‍ന്ന് പുണെ, നാസിക്, സാംഗ്ലി, കോലാപൂര്‍ എന്നിവിടങ്ങളിലെ നദികള്‍ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തു.
സോലാപ്പൂര്‍ ജില്ലയിലെ ഭീമ നദി കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പ്രദേശത്ത് കനത്ത വെള്ളപ്പൊക്കമുണ്ടായി. സെക്കന്‍ഡില്‍ 1,26,300 ഘനയടി വെള്ളം നദിയിലേക്ക് ഒഴുക്കി വിടാനുള്ള ഉജാനി അണക്കെട്ട് അധികൃതരുടെ തുരുമാനത്തെ തുടര്‍ന്നാണ് വെള്ളപ്പൊക്കം ഉണ്ടായത്. തുടര്‍ന്ന് അക്കല്‍കോട്ട്, സൗത്ത് സോലാപ്പൂര്‍, എന്നിങ്ങനെ ഏഴു താലൂക്കുകളിലായി 104 വില്ലേജുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. താനെ, ലോണാവാല, മഹാബലേശ്വര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. നാസിക് ജില്ലയില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ വെള്ളപ്പൊക്കത്തില്‍ കാണാതാവുകയും ചെയ്തു.
താനെയിലെ ഷഹാപൂരിലെ ഭട്സ നദിയില്‍ ബി.എം.സി ജീവനക്കാരന്‍ മുങ്ങിമരിച്ചു. കൂടാതെ, രണ്ട് സഹോദരന്മാരും ബന്ധുവും ജല്‍ഗാവിലെ ഭോക്കര്‍ബാരി അണക്കെട്ടില്‍ മുങ്ങിമരിച്ചു. പുണെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായം തേടി.