മഞ്ഞിൽ കൊഴിഞ്ഞ പൂക്കൾ
- സി.പി. രാജശേഖരൻ
ആകാശം മേഘാവൃതമായിരുന്നു.
തലേന്നു പെയ്ത രാത്രിമഴയുടെ ഇലച്ചാർത്തൊഴിഞ്ഞിരുന്നില്ല. അകലെയെവിടെയോ ഇടവപ്പാതിയുടെ ഇടിമുഴക്കം. ആരോ കരയാൻ വെമ്പുന്നതു പോലെ.
ഗാന്ധിഭവന്റെ അതിഥിമുറിയുടെ വാതിൽ തുറന്നു കടന്നുവരുന്നയാളെ കണ്ടോർമയുണ്ട്. പക്ഷേ, അടുത്തറിയില്ല. എങ്കിലും കാത്തിരുന്നത് ഇദ്ദേഹത്തെയാണ്. നേർത്തൊരു മന്ദഹാസത്തിനു പിന്നിൽ ഒളിപ്പിച്ചു വച്ച സങ്കടക്കണ്ണുകളുമായി വരുന്നത് ആർ. ചന്ദ്രമോഹനാണെന്ന ബോധ്യത്തിൽ എഴുന്നേറ്റ് കൈകൾ കൂപ്പി. അദ്ദേഹത്തിനു മുന്നിൽ ആരായാലും അതേ ചെയ്യൂ. അത്രയ്ക്കുണ്ട് ഈ മനുഷ്യന്റെ സംഭാവനകൾ.
രണ്ടായിരത്തിലധികം സിനിമകളുടെ നായകന്മാർക്ക് ശബ്ദം നൽകിയ വിഖ്യാത ഡബ്ബിംഗ് ആർട്ടിസ്റ്റ്. കമൽഹാസൻ, മമ്മൂട്ടി, സുരേഷ് ഗോപി, ശങ്കർ, റഹ്മാൻ, രവീന്ദ്രൻ, ഷാനവാസ്, രാജ്കുമാർ എന്നുവേണ്ട, തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്കു വരെ ചന്ദ്രമോഹൻ ശബ്ദം നൽകിയിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ മെയിൽ വോയ്സ് റെക്കോഡ് ചെയ്തതിന്റെ ക്രഡിറ്റ് ഇദ്ദേഹത്തിനാണ്.
മോഹൻ ലാൽ സിനിമയിൽ സജീവമാകുന്നതിനു മുൻപ് ശങ്കറായിരുന്നു മലയാളത്തിലെ പുതുജനറേഷൻ ഹീറോ. ശങ്കർ അഭിനയിച്ച 170 ചിത്രങ്ങൾക്കാണ് ചന്ദ്രമോഹൻ ശബ്ദം നൽകിയത്. ലാലിന്റെ താരവരവറിയിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ ശങ്കർ സ്വന്തം ശബ്ദം തന്നെ ഡബ്ബ് ചെയ്തത് വെറും യാദൃച്ഛികം. ഈ സിനിമയോടെ ചന്ദ്രമോഹന് ശങ്കറുടെ ശബ്ദം നഷ്ടമായി.
മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത ചിരഞ്ജീവിയുടെ തെലുങ്ക് സിനിമകളിലെല്ലാം നമ്മൾ കേട്ട നായകശബ്ദം ചന്ദ്രമോഹന്റേതായിരുന്നു. 1987 ൽ ന്യൂഡൽഹി എന്ന സിനിമ റിലീസ് ചെയ്യുന്നതു വരെ പുറത്തിറങ്ങിയ മിക്കവാറും എല്ലാ ചിത്രങ്ങളിലും സുരേഷ് ഗോപിയെ വെള്ളിത്തിരയിൽ കേട്ടതും ഈ അതുല്യ ശബ്ദത്തിലായിരുന്നു. ഏതാനും ചിത്രങ്ങളിൽ മമ്മൂട്ടിക്കു വേണ്ടിയും ചന്ദ്രമോഹൻ ശബ്ദം നൽകി.
പ്രശസ്ത ഫിലിം എഡിറ്റർ ശങ്കുണ്ണിയാണ് ചന്ദ്രമോഹന്റെ ശബ്ദത്തിൽ വലിയൊരു സാധ്യത കണ്ടെത്തിയത്. ഐ.വി. ശശി സംവിധാനം ചെയ്ത ആശിർവാദം എന്ന സിനിമയ്ക്ക് ഉലക നായകൻ കമൽഹാസനു വേണ്ടി ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റിനെ ആവശ്യമായി വന്നപ്പോൾ, റേഡിയോ ആർട്ടിസ്റ്റ് ടി.പി. രാധാമണിയുടെയും പി. ഗംഗാധരൻ നായരുടെയും മകനെ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ എന്നു സംവിധായകനോടു ശങ്കുണ്ണി ചോദിച്ചു. വിശ്വാസമുണ്ടെങ്കിൽ ശങ്കുണ്ണിയുടെ ഇഷ്ടം എന്നു മറുപടി കിട്ടിയതോടെ തീരുമാനമായി. ആദ്യ ടേക്കിൽ തന്നെ സൗണ്ട് എഡിറ്റർ ഓകെ പറഞ്ഞു. പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല, മലയാള സിനിമയ്ക്കും ചന്ദ്രമോഹനും. നീണ്ട 43 വർഷങ്ങൾ. പണ്ടത്തെ മദിരാശി പട്ടണത്തിൽ ഏറ്റവും തിരക്കുള്ള ശബ്ദമായി ചന്ദ്രമോഹൻ മാറി.
അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കിയിരിക്കുമ്പോൾ മനസിൽ ഇരമ്പിയെത്തിയത് വലിയൊരു ശബ്ദസാഗരം തന്നെയായിരുന്നു. മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ. തന്റെ മാതാപിതാക്കളുടെ ശബ്ദത്തിനു മുന്നിൽ ഇതൊരു ശബ്ദമേയല്ലെന്ന് ചന്ദ്രമോഹൻ. അച്ഛൻ പി. ഗംഗാധരൻ നായരും അമ്മ ടി.പി. രാധാമണിയും ആകാശവാണി നാടകങ്ങളലൂടെ ഒരു കാലത്ത് മലയാളികൾക്കു പ്രിയങ്കരരായിരുന്നു.
1970കളിൽ തുടങ്ങി 1980കൾ വരെ ആകാശവാണി പ്രക്ഷേപണം ചെയ്ത മിക്കവാറും നാടകങ്ങളിലെല്ലാം നായികാ ശബ്ദമായി അന്നത്തെ തലമുറ കേട്ടത് ടി.പി. രാധാമണി എന്ന ആർട്ടിസ്റ്റിലൂടെയായിരുന്നു. ചിലപ്പതികാരം, ജരാസന്ധന്റെ പുത്രി, ഗാന്ധാരി, ഉമയമ്മ റാണി തുടങ്ങിയ അന്നത്തെ സൂപ്പർഹിറ്റ് റേഡിയോ നാടകങ്ങളെല്ലാം അനശ്വരമാക്കിയത് രാധാമണിയുടെ ശബ്ദഗാംഭീര്യമായിരുന്നു.
തിരുനൈനാർകുറിച്ചി മാധവൻ നായരുടെ കരിനിഴൽ എന്ന നാടകത്തിലൂടെ അവരുടെ ശബ്ദസാഗരം ഇളകിമറിയുകയായിരുന്നു. അതവർക്ക് സിനിമയിലേക്കുള്ള വാതിലും തുറന്നിട്ടു. പിന്നീട് എൺപതിൽപ്പരം സിനിമകളിൽ രാധാമണി ശബ്ദം നൽകി.
പിന്നെ എവിടെയാണ് ചന്ദ്രമോഹന് കാലിടറിയത്?
അതൊരു കഥയാണ്. ഏതു സിനിമയ്ക്കും മെനയാവുന്നൊരു സൂപ്പർ ത്രെഡ്.
അമ്പിളിയെ വളരെ ചെറുപ്പത്തിലേ പരിചയമുണ്ടായിരുന്നു എന്ന് ചന്ദ്രമോഹൻ. എട്ടാമത്തെ വയസിൽ ഭക്തമാർക്കണ്ഡേയ എന്ന സിനിമയിൽ ഏതോ ബാലതാരത്തിനു ശബ്ദം നൽകിയത് അമ്പിളിയായിരുന്നു. കാണെക്കാണെ അമ്പിളി വളരുകയായിരുന്നു. അഴകിലും ശബ്ദത്തിലും. അതൊരു അടുപ്പമായി ഇരുവരിലേക്കും പടർന്നു കയറാൻ തുടങ്ങിയതെന്നാണെന്നറിയില്ല പിരിച്ചെടുക്കാൻ കഴിയാത്ത വിധം അതങ്ങ് തഴച്ചിടതൂർന്ന് ചുറ്റിപ്പിണഞ്ഞുപോയിരുന്നു.
മലയാളികളുടെ കണ്ണീർത്തുള്ളി മോനിഷ ഉണ്ണിയുടെ ശബ്ദമല്ല അവരുടെ സിനിമകളിലൂടെ നമ്മൾ കേട്ടത്. നഖക്ഷതങ്ങൾ, കമലദളം തുടങ്ങിയ ചിത്രങ്ങൾ മോനിഷ അനശ്വരമാക്കിയപ്പോൾ അതിൽ മോനിഷയുടെ ശബ്ദം നിലനിർത്തിയത് അമ്പിളിയായിരുന്നു. ശാലിനി, ജോമോൾ തുടങ്ങി ഒട്ടേറെ യുവതാരങ്ങളുടെ ശബ്ദമായി നമ്മൾ കേട്ടതെല്ലാം അമ്പിളിയുടേതായിരുന്നു. അപ്പോഴേക്കും അമ്പിളി ചന്ദ്രമോഹന്റെ സ്വന്തമായി മാറിയിരുന്നു. ചന്ദ്രമോഹനും അമ്പിളിയും ചേർന്ന് ഒട്ടേറെ സിനിമകളിൽ ശബ്ദം നൽകിയിട്ടുണ്ട്.
മദ്രാസിൽ സിനിമ കുറഞ്ഞപ്പോൾ സ്വന്ത നാടായ തിരുവനന്തപുരത്തേക്കു തിരിച്ചുവന്നു. ഉള്ള സമ്പാദ്യം കൊണ്ട് അവിടെയൊരു വീട് വച്ചു. അതിനിടയ്ക്ക് അമ്പിളിക്ക് എന്നും തലവേദന. ഒരുദിവസം വേദന കൂടിയപ്പോൾ മെഡിക്കൽ കോളെജിൽ പരിശോധിച്ചു. ബ്രയിൻ ട്യൂമറെന്നു അന്നു തന്നെ കണ്ടെത്തി. കഷ്ടിച്ചു മൂന്നു മാസം. ശബ്ദം മാത്രമല്ല, ചന്ദ്രമോഹന്റെ പ്രാണൻ തന്നെ ഇല്ലാതായി.
ഈ ദമ്പതികൾക്കു രണ്ട് മക്കൾ. വൃന്ദയും വിദ്യയും. വൃന്ദ തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥ. വിദ്യ ബിരുദാനന്തര ബിരുദ വിദ്യാർഥിനി. തിരുവനന്തപുരത്ത് മൂന്നു സഹോദരങ്ങളടക്കം വലിയൊരു ബന്ധുവലയം തന്നെയുണ്ട് ചന്ദ്രമോഹന്. എന്നിട്ടും പത്തനാപുരം ഗാന്ധിഭവൻ?
അവളങ്ങു പോയില്ലേ സാറേ?
അതൊരു തേങ്ങലായിരുന്നു. പെയ്യാൻ ബാക്കി നിന്ന മേഘക്കീറുകളെല്ലാം കൂടി ഒരുമിച്ചു കലപില കൂട്ടുന്നു.
ഒടുവിൽ പെയ്തൊഴിഞ്ഞ ആകാശത്തിനു കീഴെ നനഞ്ഞൊലിച്ചു നിന്നു കൊണ്ട് ചന്ദ്രമോഹൻ കരഞ്ഞുകൊണ്ടേയിരുന്നു.
പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് പാലാ തങ്കത്തിന്റെ മകളാണ് അമ്പിളി. 2018ൽ കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ് നേടിയ ആർട്ടിസ്റ്റ്. പാലായിൽ പൊലീസ് ഓഫീസറായിരുന്ന ശ്രീധരന്റെ ഭാര്യ. അമ്പിളിയുടെ അച്ഛൻ. പക്ഷേ അവസാന കാലത്ത് ആരും നോക്കാനുണ്ടായിരുന്നില്ല. ഒടുവിൽ കെപിഎസി ലളിത പറഞ്ഞിട്ടാണ് പത്തനാപുരം ഗാന്ധിഭവനെ കുറിച്ചറിഞ്ഞത്. അങ്ങനെ തങ്കം ഗാന്ധിഭവൻ അഗതിമന്ദിരത്തിലെത്തി. അവിടെ വച്ച് 2018 ഒക്റ്റോബർ രണ്ടിന് പാലാ തങ്കം ജീവിതത്തിന്റെ സെറ്റിൽ നിന്ന് പായ്ക്കപ്പ് പറഞ്ഞു.
അന്നാണ് ചന്ദ്രമോഹന് ആ മോഹം തോന്നിയത്. ഇനിയുള്ള കാലം എന്തുകൊണ്ട് ഗാന്ധിഭവനായിക്കൂടാ?
ഗാന്ധിഭവൻ ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ഡോ. പുനലൂർ സോമരാജനോട് ആഗ്രഹം പറഞ്ഞു.
മറുപടി പെട്ടെന്നായിരുന്നു.
വൈ നോട്ട്?
ചന്ദ്ര മോഹൻ പിന്നെ മടങ്ങിയില്ല. ഇന്നും ഇവിടെയുണ്ട്. 1200ൽപ്പരം അന്തേവാസികൾക്കൊപ്പം.
പഞ്ചായത്ത് പ്രസിഡന്റായും സാംസ്കാരിക പ്രവർത്തകനായും സിനിമാ നടനായും ഡബ്ബിംഗ് ആർട്ടിസ്റ്റായും ഒക്കെ.
പഴയ സഹപ്രവർത്തകരാരെങ്കിലും കാണാൻ വരാറുണ്ടോ. മൗനം ഘനീഭവിച്ച ഒരു പുഞ്ചിരിയിൽ മറുപടി മുങ്ങി.
ഏറ്റവും നിരാശപ്പെടുത്തുന്നത് എന്താണ്?
മികവിന്റെ നാളുകളിൽപ്പോലും അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല. ചന്ദ്ര മോഹൻ എന്ന ആർട്ടിസ്റ്റ് തിരിച്ചറിയപ്പെടാതെ പോകുന്നു എന്നൊരു തോന്നൽ.
ശരിയാണ് ഫിലിം ക്രിട്ടിക്സ് അസോസിയേഷനല്ലാതെ വേറാരും ചന്ദ്രമോഹനെ അറിഞ്ഞില്ല, ആദരിച്ചില്ല.
യാത്ര പറഞ്ഞിറങ്ങിയപ്പോഴും അകലെയെവിടെയൊ ഇടവപ്പാതി കുടുങ്ങുന്നുണ്ടായിരുന്നു. പെയ്തൊഴിയാനുള്ള വിങ്ങലോടെ.
യാത്ര പറഞ്ഞിറങ്ങിയപ്പോഴും അകലെയെവിടെയൊ ഇടവപ്പാതി കുടുങ്ങുന്നുണ്ടായിരുന്നു. പെയ്തൊഴിയാനുള്ള വിങ്ങലോടെ.