'ഫോക്ക്' നിർമ്മിച്ചു നൽകിയ കുഴൽ കിണറുകൽ കൈമാറി.
കുവൈറ്റ് സിറ്റി : കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നിർമ്മിച്ചു നൽകിയ കുഴൽ കിണറുകളുടെ ഔദ്യോഗിക കൈമാറ്റ ചടങ്ങുകൾ രണ്ടു കേന്ദ്രങ്ങളിലായി നടന്നു. ധർമ്മശാല മോഡൽ സ്കൂൾ ഓഫ് ബ്ലൈൻഡ്‌സിൽ നടന്ന ചടങ്ങിൽ ഔദ്യോഗിക കൈമാറ്റ ചടങ്ങ് ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ ഐവി ദിനേശ് നിർവഹിച്ചു. മോഡൽ സ്കൂൾ സെക്രട്ടറി സി വി നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് അഡ്വ. തന്യനാഥൻ സ്വാഗതവും പ്രവീൺ മാസ്റ്റർ നന്ദിയും പറഞ്ഞു. ഫോക്കിന്റെയും ഫോക്ക് ട്രസ്റ്റിന്റെയും കുടുംബാംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഫോക്ക് മുൻ പ്രസിഡന്റ് സേവ്യർ ആന്റണി, ആന്തൂർ നഗരസഭ കൗൺസിൽ അംഗങ്ങളായ ബാലകൃഷ്ണൻ, ടി കെ വി നാരായണൻ ,ഫോക്ക് പ്രതിനിധികൾ ആയ വിവി രമേശ് ചന്ദ്രമോഹൻ കണ്ണൂർ മറ്റ് ഫോക്ക് ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .
രണ്ടാമത്തെ കുഴൽ കിണറിന്റെ ഔദ്യോഗിക കൈമാറ്റ ചടങ്ങ് അറയങ്ങാട് സ്നേഹഭവനിൽ നടന്നു. 350ലധികം അശരണർക്ക് ആശ്രയമായ സ്നേഹഭവന്റെ ഫൗണ്ടറും പ്രസിഡന്റ്റുമായ ബ്രദർ എം ജെ സ്റ്റീഫൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോക്ക് മുൻ പ്രസിഡണ്ട് സേവിയർ ആന്റണി കുഴൽ കിണർ ഔദ്യോഗികമായി കൈമാറി. സ്നേഹഭവൻ ഭാരവാഹികൾ നൽകിയ സ്നേഹാദരവ് ഫോക്ക് സ്പോർട്സ് സെക്രട്ടറി ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ ഐ വി ദിനേശ്, ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഗിരിമന്ദിരം ശശികുമാർ, രവി കാപ്പാടൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്നേഹഭവൻ നഴ്സിംഗ് സ്റ്റാഫ് അംഗം അമ്പിളി സ്വാഗതം ആശംസിച്ച ചടങ്ങിനു സോഷ്യൽ വർക്കർ ജെറിൻ നന്ദി അറിയിച്ചു. കുഴൽ കിണറിനോടൊപ്പം ഇരു സ്ഥലങ്ങളിലും നടന്ന വൃക്ഷ തൈ നടൽ ഫോക്ക് കുടുംബാംഗങ്ങൾ ചേർന്ന് നിർവഹിച്ചു. ദിനംപ്രതി ഉയരുന്ന വേനൽ ചൂടിൽ സ്നേഹഭവനിലെ അന്തേവാസികൾക്കും മോഡൽ സ്കൂൾ ഓഫ് ബ്ലൈൻഡ്‌സിലെ വിദ്യാർത്ഥികൾക്കും ഏറെ ആശ്വാസം നൽകിയിരിക്കുകയാണ് ഫോക്ക് നിർമ്മിച്ച് നൽകിയ കുഴൽ കിണറുകൾ.