വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ; പള്ളിക്കലിലെ സ്കൂളുകളിൽ ആരോഗ്യ പരിശോധന
മലപ്പുറം: കോഴിപ്പുറം വെണ്ണായൂർ എഎംഎൽപി സ്കൂളിലെ 129 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സാഹചര്യത്തിൽ പള്ളിക്കൽ പഞ്ചായത്തിലെ സ്കൂളുകളിൽ ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി. വെണ്ണായൂർ സ്കൂളിലാണ് ആദ്യമെത്തിയത്. തുടർന്ന് പുത്തൂർ പള്ളിക്കൽ വിപികെ എംഎംഎച്ച്എസ്എസ്, പള്ളിക്കൽ എഎംയുപിഎസ്, കൂനൂൾമാട് എഎംഎൽപിഎസ് എന്നിവിടങ്ങളിലും ജാഗ്രതാ നിർദേശം നൽകിട്ടുണ്ട്. ബാക്കി സ്കൂളുകളിലും ഉടൻ പരിശോധന നടത്തും. ഏറ്റവുമൊടുവിൽ 10 പേർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. അവരിൽ 4 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചതാണ്. അവരുടെയും നില സാരമുള്ളതല്ലെന്ന് അധികൃതർ വ്യക്‌തമാക്കി. വെണ്ണായൂർ സ്കൂളിലെ അധ്യാപകർ കുട്ടികളെ വീടുകളിൽ സന്ദർശിച്ച് നിർദേശം നൽകുന്നുണ്ട്.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിയെയും സ്കൂൾ അധികൃതർ സന്ദർശിച്ചു. പള്ളിക്കൽ പഞ്ചായത്ത് പരിധിയിൽ എല്ലാ മേഖലകളിലും ആരോഗ്യ സുരക്ഷാ നടപടി കർക്കശനമാക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി.