കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ജനുവരി 20 വരെ : രാജ്യത്തുനിന്ന് രോഗത്തെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതിയുടെ ഭാഗം
ഡിസംബർ ഒന്നു മുതൽ കേരളത്തിൽ ആരംഭിച്ച സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ജനുവരി 20 വരെ നീളും. ഡിസംബർ 27-ന് സമാപിക്കേണ്ട യജ്ജം പൂർണ്ണമാകാത്തതിനാലാണ് നീട്ടിയത്.നാലു മാസത്തിൽ കൂടുതൽ പ്രായമുള്ള പശുക്കൾ, എരുമകൾ എന്നിവയ്ക്കാണ് സൗജന്യമായി കുത്തിവയ്പ് എടുക്കുക. ഗർഭിണികൾ, രോഗികൾ എന്നിവയെ ഒഴിവാക്കും. പന്ത്രണ്ടു ലക്ഷത്തോളം മൃഗങ്ങളെ കുത്തിവയ്ക്കുകയാണ് ലക്ഷ്യം.
നാടിനും കർഷകർക്കും ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന കുളമ്പുരോഗത്തെ നിയന്ത്രിക്കാനായി നടത്തുന്ന പ്രതിരോധ കുത്തിവെയ്പ്പുയജ്ഞത്തിന് (vaccination programme) ദേശീയ മൃഗരോഗനിയന്ത്രണ പദ്ധതിയുടെ (NADCP) ഭാഗമായി കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായമുണ്ട്.
ഇരട്ടക്കുളമ്പുള്ള കന്നുകാലികളെ ബാധിക്കുന്ന വൈറസ് ബാധയായ കുളമ്പുരോഗം പാലുല്പാദനത്തേയും വളർച്ചാനിരക്കിനെയും ശാരീരികക്ഷമതയെയുമൊക്കെ ബാധിക്കുന്നു. ഈ രോഗബാധ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള മൃഗ ഉത്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വ്യാപാര ഉപരോധത്തെയും നേരിടേണ്ടി വരുന്നു. കൃത്യമായ ഇടവേളകളിൽ തുടർച്ചയായി മുഴുവൻ കന്നുകാലികളിലും നടത്തുന്ന വാക്സിനേഷൻ വഴി 2025 വർഷത്തോടെ
കുളമ്പുരോഗത്തെ നിയന്ത്രിച്ച് , 2030 വർഷത്തോടെ രാജ്യത്തു നിന്ന് നിർമ്മാർജ്ജനം ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സംസ്ഥാന ഗവണ്‍മെന്റ് 2004 മുതൽ കേരളത്തിൽ നടപ്പിലാക്കി വരുന്ന ഗോരക്ഷാ പദ്ധതിയില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീട്ടിലെത്തി കന്നുകാലികളെ കുത്തിവയ്ക്കുന്നുണ്ട്. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ക്കൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ ഈ ഊര്‍ജ്ജിത പ്രതിരോധ കുത്തിവയ്പ് പരിപാടിയില്‍ ഏകോപിപ്പിക്കപ്പെടും.