ഉമ തോമസ് എംഎൽഎ കലൂർ സ്റ്റേഡിയത്തിലെ വേദിയിൽ നിന്നും വീഴുന്ന ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ ഉമ തോമസ് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്. വേദിയിൽ നിന്ന് റിബൺ കെട്ടിയ സ്റ്റാൻഡിലേക്ക് ചാഞ്ഞുകൊണ്ട് എം.എൽ.എ. വീഴുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പരിപാടിയുടെ മുഖ്യസംഘാടകരിൽ ഒരാളായ പൂർണിമ എംഎൽഎയോടൊപ്പം വരുന്നത് വീഡിയോയിലുണ്ട്. നടൻ സിജോയ് വർഗീസിനേയും കാണാം. സംഘാടകരിൽ ഒരാൾ ഉമാ തോമസിനോട് കസേര മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ സമീപമുള്ള സ്ത്രീയെ മറികടക്കുന്നതിന്നിടെ വീഴുകയായിരുന്നു. റിബണിൽ പിടിച്ചെങ്കിലും താഴേയ്ക്ക് വീണു. വീഴാതെ ഇരിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ എംഎല്‍എയെ പിടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഞായറാഴ്ചയായിരുന്നു കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന വേദിയിൽനിന്നു വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അതിനിടെ സ്റ്റേജ് പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് സ്റ്റേജ് ബലമുള്ളതായിരുന്നില്ല എന്നും സ്റ്റേജിന്‍റെ മുൻ ഭാഗത്തിന് ചെരിവുണ്ടായിരുന്നുവെന്നുമുള്ള റിപ്പോർട്ട് പൊലീസിന് കൈമാറി. ഇരുമ്പ് കാലുകൾ ഉറപ്പിച്ചിരുന്നത് കോൺക്രീറ്റ് ഇഷ്ടികയ്ക്ക് മുകളിലാണ്. കൈവരികൾ സ്ഥാപിക്കാതിരുന്നത് അപകടത്തിന് കാരണമായി.