ബിജെപി വയനാട് മുന്‍ ജില്ലാ അധ്യക്ഷന്‍ കെ.പി മധു കോണ്‍ഗ്രസില്‍ ചേർന്നു
വയനാട്: ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍ ചേർന്നു. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്‍റ് എന്‍ഡി അപ്പച്ചന്‍ അംഗത്വം നൽകി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മധു അംഗത്വം സ്വീകരിച്ചത്.
ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനത്തിലല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കുറച്ചുനാളുകളായി ഇത് സംബന്ധിച്ച് ആലോചനയിലായിരുന്നുവെന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം കെ.പി.മധു പറഞ്ഞു.
നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായിയുള്ള ഭിന്നതയെ തുടർന്നാണ് രാജി. ബിജെപിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശൂരിൽ ബി ജെ പി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാർത്ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികൾക്ക് മത്സരിക്കാൻ ആവില്ലെന്നും മധു അന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടി ആയതുകൊണ്ടും ദേശീയതയ്‌ക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും മധു കൂട്ടിച്ചേര്‍ത്തു.