മുൻ മന്ത്രി പി.സിറിയക് ജോൺ അന്തരിച്ചു
വിടവാങ്ങുന്നത് കുടിയേറ്റ മേഖലയിലെ പോരാളി
കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.സിറിയക് ജോൺ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന സിറിയക് ജോൺ വ്യാഴാഴ്ച രാത്രി കോഴിക്കോടുള്ള മകന്റെ വസതിയിലാണ് അന്ത്യശ്വാസം വലിച്ചത്.പരേതയായ അന്നക്കുട്ടി സിറിയകാണ് ഭാര്യ. മക്കള്‍: ബാബു സിറിയക് (മംഗലാപുരം), ബീന ജോയ്, മിനി ജോസ്, മനോജ് സിറിയക്, വിനോദ് സിറിയക് (ആര്‍ക്കിടെക്ട്). മരുമക്കള്‍: പരേതയായ സിന്‍സി ബാബു അറക്കല്‍, ജോയ് തോമസ് വട്ടക്കാനയിൽ- പാല (എന്‍ജിനിയര്‍), ജോസ് മേല്‍വെട്ടം -ഈങ്ങാപ്പുഴ, അനിത ചൗധരി (ആര്‍ക്കിടെക്ട്). സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കട്ടിപ്പാറ തിരുഹൃദയ ദേവാലയം സെമിത്തേരിയിൽ . മലയോര, കുടിയേറ്റ മേഖലയിൽ നിന്ന് ഉയർന്നുവന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു സിറിയക് ജോൺ. 1933 ജൂൺ 11 ന് ജനിച്ച സിറിയക് ജോൺ ചെറുപ്രായത്തിൽ തന്നെ കോൺഗ്രസ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി പൊതുരംഗത്തെത്തി. കൽപറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് (ആർ) പ്രതിനിധിയായി നാലാം കേരള നിയമസഭയിലും തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കെ. കരുണാകരൻ മന്ത്രിസഭയിൽ കൃഷിവകുപ്പ് മന്തിയായിരുന്നു. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിച്ച അദ്ദേഹം കോൺഗ്രസ്(എസ്), എൻസിപി എന്നിവയുടെ ഭാഗമായപ്പോൾ നാല് തവണ തിരുവമ്പാടിയിൽ പരാജയപ്പെടുകയും ചെയ്തു. എൻസിപി സംസ്ഥാന പ്രസിഡന്റായിരുന്ന സിറിയക് ജോൺ പിന്നീട് മാതൃസംഘടനയിൽ തിരിച്ചെത്തി. തുടർന്ന് ദീർഘകാലം കെപിസിസി നിർവാഹക സമിതി അംഗമായിരുന്നു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും വഹിച്ചു. സഹകരണമേഖലയിലെ സംഘടനാ രംഗത്ത് താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സംസ്ഥാന മാർക്കറ്റിങ് സഹകരണാ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സിറിയക് ജോണിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ എ.കെ ആന്റണി, രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, എം.കെ രാഘവൻ എംപി തുടങ്ങിയ നേതാക്കൾ അനുശോചിച്ചു.