Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാജ്യാന്തര ചലച്ചിത്രമേളയിൽ അക്കാദമിയുടെ നാല് ക്ലാസിക് ചിത്രങ്ങൾ

11:00 PM Dec 06, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: ഈമാസം എട്ടിന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ നടത്തി ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും മിഴിവ് വര്‍ധിപ്പിച്ച നാല് ക്‌ളാസിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. എം ടി വാസുദേവന്‍നായര്‍ തിരക്കഥയെഴുതി പി എന്‍ മേനോന്‍ സംവിധാനം ചെയ്ത 'ഓളവും തീരവും'(1969), കെ ജി ജോര്‍ജ് സംവിധാനം ചെയ്ത യവനിക(1982), ജി അരവിന്ദന്റെ  അവസാന ചിത്രമായ വാസ്തുഹാര (1991), മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുകളിലൊരാളായ  എ കെ ലോഹിതദാസിന്റെ ആദ്യ സംവിധാനസംരഭം ഭൂതക്കണ്ണാടി (1997) എന്നീ ചിത്രങ്ങളാണ് റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മലയാള സിനിമയെ ആദ്യമായി വാതില്‍പ്പുറങ്ങളിലേക്കു കൊണ്ടുപോയ ചിത്രം, നവതരംഗത്തിന് അടിത്തറ പാകിയ ചിത്രം എന്നീ നിലകളില്‍ ചലച്ചിത്ര ചരിത്രത്തില്‍ നിര്‍ണായപ്രാധാന്യമുള്ള 'ഓളവും തീരവും' അക്കാദമിയുടെ ഡിജിറ്റല്‍ റെസ്റ്ററേഷന്‍ പദ്ധതിയിലെ ആദ്യസംരംഭമാണ്. മികച്ച ചിത്രം, ഛായാഗ്രഹണം, തിരക്കഥ, മികച്ച രണ്ടാമത്തെ നടി എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണിത്.
മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം, മികച്ച ചിത്രം, സംവിധായകന്‍, കഥാകൃത്ത് എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ചിത്രമാണ് 'വാസ്തുഹാര'.
ലോഹിതദാസിന് മികച്ച നവാഗത സംവിധായകനുള്ള ദേശീയപുരസ്‌കാരം, മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും രണ്ടാമത്തെ നടിക്കുമുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ എന്നിവ നേടിയ ചിത്രമാണ് 'ഭൂതക്കണ്ണാടി'. മികച്ച ചിത്രം, തിരക്കഥ, രണ്ടാമത്തെ നടന്‍ എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ 'യവനിക 'കെ.ജി ജോര്‍ജിന്റെ മാസ്റ്റര്‍പീസ് ചിത്രങ്ങളിലൊന്നായും മിസ്റ്ററി ത്രില്ലര്‍ എന്ന ഗണത്തിലെ ഏറ്റവും മികച്ച മലയാള ചിത്രമായും വിലയിരുത്തപ്പെട്ടിട്ടുണ്ട്.

Advertisement

ലോകസിനിമാ വിഭാഗത്തില്‍ 62 സിനിമകള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകള്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ലോകസിനിമാ വിഭാഗത്തില്‍  പ്രദര്‍ശിപ്പിക്കും.
അര്‍ജന്റീന, റഷ്യ, ചൈന, ജപ്പാന്‍, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, തുര്‍ക്കി, യമന്‍, ഇറാഖ്, ജോര്‍ദാന്‍, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍  നിന്നുമുള്ള ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 26 ഓസ്‌കാര്‍ എന്‍ട്രികളും 17 വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉള്‍പ്പെടും. ശ്രീലങ്കന്‍ ചലച്ചിത്ര സംവിധായകന്‍പ്രസന്ന വിതാനഗെയുടെ ആദ്യ ഇന്ത്യന്‍ ചിത്രം പാരഡൈസ് (പറുദീസ) ഈ വിഭാഗത്തിലെ ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ്.
ഭര്‍ത്താവിന്റെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട സാന്‍ട്ര ഹുള്ളര്‍ എന്ന ജര്‍മന്‍ എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമാണ് അനാട്ടമി ഓഫ് എ ഫാള്‍. അവധിക്കാലം ആഘോഷിക്കാനായി മാലിയയിലേക്ക് പോകുന്ന ഒരു കൂട്ടം ഇംഗ്ലീഷ് കൗമാരക്കാരെ പിന്തുടരുന്ന മോളി മാനിങ് വാക്കര്‍ ചിത്രമാണ് ഹൗ ടു ഹാവ് സെക്‌സ്. മിലാദ് അലാമി രചനയും സംവിധാനവും നിര്‍വഹിച്ച സ്വീഡിഷ്-നോര്‍വീജിയന്‍ ചിത്രമായ ഒപ്പോണന്റ് തെഹ്‌റാനില്‍നിന്ന് പലായനം ചെയ്യുകയും വടക്കന്‍ സ്വീഡനില്‍ അഭയം തേടുകയും ചെയ്ത ഇമാനിന്റെ കഥ പറയുന്നു. യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ദമ്പതികളുടെ യഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് ദി ബെര്‍ഡെന്‍ഡ്. ദാരിദ്ര്യത്തെയും കുടുംബപരമായ സങ്കീര്‍ണതയേയും കുറിച്ചുള്ള സമൂഹത്തിന്റെ കഠിനമായ വീക്ഷണത്തെ ഒരു അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൂണ കാര്‍മൂണ്‍ സംവിധാനം ചെയ്ത ഹോര്‍ഡ്. കിം കി-യാള്‍ എന്ന സംവിധായകന്‍ തന്റെ അവസാന ചലച്ചിത്രത്തിന്റെ അന്ത്യഭാഗം പുനര്‍ചിത്രീകരിക്കുന്നതിനെ കുറിച്ചുള്ള ആകുലതയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ജീ വൂണ്‍ കിം സംവിധായകനായ കൊറിയന്‍ ചിത്രം കോബ്വെബിന്റെ ഇതിവൃത്തം.
തരിശുഭൂമിയില്‍ നിന്നും സമ്പത്തും അംഗീകാരവും നേടുക എന്ന ആജീവനാന്ത സ്വപ്നം പിന്തുടരുന്ന ലുഡ്വിഗ് കാഹ്ലന്റെ കഥ പറയുന്ന നികോളാ ആര്‍സെല്‍ സംവിധാനം ചെയ്ത ഡാനിഷ് ചിത്രമാണ് ദി പ്രോമിസ്ഡ് ലാന്‍ഡ്. അബ്ബാസ് അമിനി ഒരുക്കിയ പേര്‍ഷ്യന്‍ ചിത്രം എന്‍ഡ്ലെസ്സ് ബോര്‍ഡേഴ്‌സ്, സ്പാനിഷ് ചിത്രം ദി പണിഷ്‌മെന്റ്, ഫ്രഞ്ച് ചിത്രം ദി റാപ്ച്ചര്‍, റ്യുട്ടാരോ നിനോമിയ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ഡ്രീമിംഗ് ഇന്‍ ബിറ്റ്വീന്‍, കൊറിയന്‍ ചിത്രം സ്ലീപ്, അംജദ് അല്‍ റഷീദിന്റെ അറബിക് ചിത്രം ഇന്‍ഷാഹ് അള്ളാഹ് എ ബോയ് തുടങ്ങിയവയും ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

Tags :
Entertainment
Advertisement
Next Article