ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളടക്കം നാല് പിഞ്ചുകുഞ്ഞുങ്ങളെ അമ്മ കനാലിലെറിഞ്ഞു കൊന്നു
മംഗളൂരു: ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളടക്കം നാല് പിഞ്ചുകുഞ്ഞുങ്ങളെ മാതാവ് കനാലിലെറിഞ്ഞു കൊന്നു. വിജയപുര ജില്ലയില്‍ നിഡഗുണ്ടി താലൂക്കിലെ ബെനാല്‍ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോല്‍ഹാര്‍ താലൂക്കിലെ തെല്‍ഗി ഗ്രാമത്തില്‍ താമസിക്കുന്ന ഭാഗ്യശ്രീ ഭജന്‍ത്രിയാണ് (26) തന്റെ മക്കളായ തനു നിഗരാജ് ഭജന്‍ത്രി (അഞ്ച്), രക്ഷാ നിംഗരാജ് ഭജന്‍ത്രി (മൂന്ന്), ഇരട്ടകളായ ഹസന്‍ നിംഗരാജ് ഭജന്‍ത്രി, ഹുസൈന്‍ നിംഗരാജ് ഭജന്‍ത്രി (ഇരുവരും 13 മാസം) എന്നിവരെ തിങ്കളാഴ്ച അല്‍മാട്ടി ഇടതുകര കനാലില്‍ എറിഞ്ഞ് കൊന്നത്. സ്വത്തുതര്‍ക്കമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
ഭാഗ്യയുടെ ഭര്‍ത്താവ് ലിംഗരാജു തെല്‍ഗി ഗ്രാമപഞ്ചായത്ത് അംഗമാണ്. സ്വത്ത് പങ്കിടുന്നതിനെച്ചൊല്ലി ഭാഗ്യയുടെ കുടുംബവുമായി വഴക്കിട്ടിരുന്നതായി ഇയാള്‍ മൊഴി നല്‍കി. തിങ്കളാഴ്ച തങ്ങള്‍ തമ്മില്‍ ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടായെന്നും സ്വത്തുക്കള്‍ അവളുമായി പങ്കിടില്ലെന്ന് സഹോദരങ്ങള്‍ പറഞ്ഞതായും ലിംഗരാജു പറഞ്ഞു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കനാലിന് കുറുകെയുള്ള പാലത്തിന് സമീപം ലിംഗരാജിന്റെ ഇരുചക്രവാഹനത്തിലെ പെട്രോള്‍ തീര്‍ന്നു. ഇതിനെ തുടര്‍ന്ന് ഇന്ധനമടിക്കാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ ആരോ കനാലില്‍ ചാടിയതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. തുടര്‍ന്നാണ് താന്‍ സംഭവം അറിയുന്നതെന്നും ഭര്‍ത്താവ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍, ലിംഗരാജു 30 ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും സ്വത്തിന്റെ വിഹിതം നല്‍കാന്‍ പിതാവ് മല്ലപ്പയെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാഗ്യയുടെ സഹോദരന്‍ പമ്പാപതി പറയുന്നു. ജില്ല ആശുപത്രിയിലെ ഐ.സി.യുവില്‍ ചികിത്സയിലാണ് ഭാഗ്യ. നിഡഗുണ്ടി പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു