Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നാലു വയസ്സുകാരന്റെ കൊലപാതകം : മകന്‍ അച്ഛനൊപ്പം പോകാതിരിക്കാന്‍

02:48 PM Jan 10, 2024 IST | Online Desk
Advertisement

എനാജി: ഗോവയില്‍ ബംഗളൂരുവിലെ സ്റ്റാര്‍ട്ട്അപ് സി.ഇ.ഒ ആയ സുചന സേത്(39) നാലുവയസുള്ള മകനെ കൊലപ്പെടുത്തിയത് മകന്‍ അച്ഛനൊപ്പം പോകാതിരിക്കാന്‍. മലയാളിയായ ഭര്‍ത്താവ് വെങ്കിട്ടരാമനുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയാണ് സുചന. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. സുചനയുടെ സംരക്ഷണത്തിലായിരുന്ന മകനെ ഞായറാഴ്ചകളില്‍ അച്ഛനൊപ്പമയക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ അസ്വസ്ഥയായാണ് അവര്‍ മകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വെങ്കിട്ടരാമന്റെ സംരക്ഷണയില്‍ മകന്‍ സുരക്ഷിതനാവില്ല എന്നായിരുന്നു സുചനയുടെ ചിന്ത. കൊലപാതകത്തിനു ശേഷം അവര്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. കുട്ടിയുടെ സംസ്‌കാരം ഇന്ന് നടക്കും. ചടങ്ങുകള്‍ക്കായി പിതാവ് ഇന്തോനേഷ്യയില്‍നിന്ന് കര്‍ണാടകയില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയുടെ മൃതദേഹം രാജാജി നഗര്‍ അപാര്‍ട്‌മെന്റിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം ഗോവ പൊലീസ് വെങ്കിട്ടരാമനെ ചോദ്യം ചെയ്യും.

Advertisement

അതിനിടെ, മകനെ കൊലപ്പെടുത്താന്‍ സുചന വ്യക്തമായി പദ്ധതിയിട്ടതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തലയണകൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഗോവയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് കഫ് സിറപ്പിന്റെ ഒഴിഞ്ഞ രണ്ട് കുപ്പികള്‍ പൊലീസ് കണ്ടെടുത്തു. കുപ്പികളില്‍ ഒരെണ്ണം വലുതാണ്. കൊലപ്പെടുത്തുന്നതിന് മുമ്പ് കുട്ടിക്ക് അമിതഡോസില്‍ കഫ്‌സിറപ്പ് നല്‍കിയിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. തനിക്ക് ചുമയുള്ളതിനാല്‍ ഒരു ബോട്ടില്‍ കഫ് സിറപ്പ് വാങ്ങിനല്‍കാന്‍ യുവതി ആവശ്യപ്പെട്ടതായി ഹോട്ടല്‍ ജീവനക്കാരന്‍ മൊഴി നല്‍കിയിട്ടുമുണ്ട്.

2010 ലാണ് പശ്ചിമബംഗാള്‍ സ്വദേശിയും ബംഗളൂരുവിലെ എ.ഐ. സ്റ്റാര്‍ട്ടപ്പിന്റെ സഹസ്ഥാപകയും സി.ഇ.ഒ.യുമായ സുചന സേത്തും ഇന്തൊനേഷ്യയില്‍ ഐ.ടി. സംരംഭകനായ വെങ്കിട്ടരാമനും വിവാഹിതരായത്. 2019ല്‍ മകന്‍ ജനിച്ചു. ഇതിനിടയില്‍ തന്നെ ഇരുവരും തമ്മില്‍ അസ്വാരസ്യമുണ്ടായിരുന്നു. സാമ്പത്തികബാധ്യതകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് ബന്ധം പിരിയുന്നതിലേക്ക് എത്തിയത്. 2022ല്‍ ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. മകന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടും തര്‍ക്കമുണ്ടായി. സുചനയ്ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്കൊപ്പം ഗോവ ബാലവകാശനിയമപ്രകാരവും കേസെടുക്കും.

ജനുവരി ആറാം തീയതിയാണ് നാലുവയസ്സുള്ള മകനുമായി സുചന നോര്‍ത്ത് ഗോവയിലെ കന്‍ഡോലിമിലെ ഹോട്ടലിലെത്തിയത്. രണ്ടുദിവസത്തെ താമസത്തിന് ശേഷം തിങ്കളാഴ്ച രാവിലെയോടെ യുവതി മുറിയൊഴിഞ്ഞു. എന്നാല്‍, ഹോട്ടലില്‍നിന്ന് ചെക്ക് ഔട്ട് ചെയ്യുമ്പോള്‍ മകന്‍ യുവതിയുടെ കൂടെയുണ്ടായിരുന്നില്ല. ഒരു വലിയ ബാഗുമായാണ് യുവതി ഹോട്ടലില്‍നിന്ന് മടങ്ങിയതെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു.

Advertisement
Next Article