ശ്രീശാന്തിനെതിരെ കണ്ണൂരിൽ വഞ്ചനാക്കേസ്, 18,70,000 തട്ടിയതായി പരാതി
കണ്ണൂർ: സ്പോർട്സ് അക്കാദമിയുടെ പേരിൽ 18 ലക്ഷത്തി എഴുപതിനായിരം രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കണ്ണപുരം ചൂണ്ടയിൽ താമസിക്കുന്ന സരീഖ് ബാലഗോപാലന്റെ പരാതിയിൽ ശ്രീശാന്തിന് പുറമേ കർണാടക ഉടുപ്പിയിലെ രാജീവ് കുമാർ , കെ വെങ്കിടേഷ് കിണി എന്നിവർക്കെതിരെയും കേസുണ്ട്. കർണാടകയിലെ കൊല്ലൂരിൽ രാജീവ്കുമാറിന്റെ ഉടമസ്ഥതയിലുള്ള അന്തർവനം റിസോർട്ടിൽ ശ്രീശാന്തിന്റെ നേതൃത്വത്തിൽ സ്പോർട്സ് അക്കാദമി നിർമ്മിക്കാം എന്ന് പറഞ്ഞു അതിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2019 ഏപ്രിൽ 25 മുതൽ വിവിധ തീയതികളിൽ ആയി 18 ലക്ഷത്തി 70000 രൂപ രാജിവ് കുമാറും വെങ്കിടേഷ് കിണിയും കൈപ്പറ്റുകയും കെട്ടിട നിർമ്മാണം നടത്തുകയോ സ്പോർട്സ് അക്കാദമി ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിക്കുകയും ചെയ്തെന്നാണ് പരാതി ശ്രീശാന്ത് കൂടി പങ്കാളിയായാണ് സ്പോർട്സ് അക്കാദമി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു