സ്വാന്തന്ത്ര്യ സമര സേനാനി കെ. ഉണ്ണീരി അന്തരിച്ചു
കോഴിക്കോട്: സ്വാന്തന്ത്ര്യ സമര സേനാനി കെ. ഉണ്ണീരി അന്തരിച്ചു. 100 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച്ച വൈകീട്ടോടെ കക്കോടിയിലെ മകന്റെ വസതിയിലാണ് അന്ത്യം. ഇന്നു രാവിലെ 11 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. ക്വിറ്റ് ഇന്ത്യാ സമരം ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായിരുന്ന ആളാണ് കെ ഉണ്ണീരി.
അക്കാലത്ത് രഹസ്യവിവരങ്ങൾ നിർദ്ദിഷ്ട സ്ഥാനത്തെത്തിക്കുക എന്ന ഉദ്യമമായിരുന്നു ഉണ്ണീരി ഏറ്റെടുത്തിരുന്നത്. അന്ന് അത് സാഹസികമായ കാര്യമായിരുന്നു. എല്ലാ തടസ്സങ്ങളെയും മറികടന്ന് തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റി. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് തിമർത്തുപെയ്യുന്ന മഴയിൽ നനഞ്ഞ് കക്കോടിയിൽനിന്ന് കോഴിക്കോട്ടേക്ക് ജാഥയായി പോയി. ഹജൂരാപ്പീസിനുമുന്നിലുള്ള മൈതാനിയിൽ പതാകയുയർത്തി സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു.
ഹരിജനോദ്ധാരണവും സ്വാതന്ത്ര്യസമരപ്രവർത്തനവും ലക്ഷ്യമിട്ട് 1934-ൽ കോഴിക്കോട്ടെത്തിയ ഗാന്ധിജിയെ അടുത്തുനിന്ന് ഒരു നോക്കുകാണാൻ ഭാഗ്യം ലഭിച്ചു. ഉണ്ണീരിയുടെ ഭാര്യ: പരേതയായ ജാനു. മക്കൾ: പ്രേമലത, പുഷ്പലത, ഹേമലത, സ്‌നേഹലത, റീന, വിനോദ് കുമാർ, ബിന്ദു. മരുമക്കൾ: രവീന്ദ്രൻ, അശോകൻ, കൃഷ്ണൻ, ബാബു, മോഹൻരാജ്, സ്മൃതി, മനോജ്.