ടെലിഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവ് അന്വേഷണം നേരിടണമെന്ന് ഫ്രഞ്ച് കോടതി
മോസ്‌കോ: ടെലിഗ്രാം സി.ഇ.ഒ പാവേല്‍ ദുരോവ് അന്വേഷണം നേരിടണമെന്ന് ഫ്രഞ്ച് ജഡ്ജി. സംഘടിത കുറ്റകൃത്യ പ്രകാരമാണ് പാവേല്‍ ദുരോവിനെതിരെ അന്വേഷണം നടത്തുക. നിലവില്‍ ദുരോവിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അഞ്ച് മില്യണ്‍ യുറോ ജാമ്യത്തുകയായി കെട്ടിവെച്ചതിനെ തുടര്‍ന്നാണ് നടപടി. ആഴ്ചയില്‍ രണ്ട് തവണ പൊലീസ് സ്റ്റേഷനില്‍ ഹാജരാവണമെന്നും നിര്‍ദേശമുണ്ട്.
ദുരോവിനെതിരെ അന്വേഷണം നടത്തുന്നതിനുള്ള സാഹചര്യം ഉണ്ടെന്നാണ് ജഡ്ജി കണ്ടെത്തിയിരിക്കുന്നതെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ ലൗരെ ബെക്കാക്കു പറഞ്ഞു. ടെലിഗ്രാമില്‍ അനധികൃത ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് സംശയമുണ്ട്. കുട്ടികളുടെ ലൈംഗികാതിക്രമ ചിത്രങ്ങള്‍ പങ്കുവെക്കുക, മയക്കുമരുന്ന് വ്യാപാരം, തട്ടിപ്പ് തുടങ്ങിയ പല കുറ്റകൃത്യങ്ങള്‍ക്കും ടെലിഗ്രാം വേദിയാവുന്നുണ്ട്. കുറ്റകൃത്യങ്ങളെ സംബന്ധിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ ടെലിഗ്രാം വീഴ്ച വരുത്തിയെന്നും ആരോപണമുണ്ട്. ഈയൊരു സാഹചര്യത്തിലാണ് അന്വേഷണം വേണമെന്ന് അധികൃതര്‍ നിലപാടെടുത്തത്.
അതേസമയം, കോടതി നടപടിയോട് പ്രതികരിക്കാന്‍ ടെലിഗ്രാം സി.ഇ.ഒയുടെ അഭിഭാഷകന്‍ തയാറായിട്ടില്ല. ശനിയാഴ്ച വൈകീട്ടാണ് പാരീസിലെ വിമാനത്താവളത്തില്‍ വെച്ച് ദുരോവിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, ദുരോവിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും തിരികൊളുത്തിയിട്ടുണ്ട്.