മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പി. ശശിയും പുറത്തേക്ക്
തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പി. ശശിയെ മാറ്റിയേക്കും. അൻവറിന്റെ ആരോപണത്തിന് പിന്നാലെ പി ശശി ആഭ്യന്തരവകുപ്പ് അടക്കി വാഴുന്നുവെന്ന പ്രതീതി ഉണ്ടാവുകയും, പിണറായി വിജയന് വകുപ്പിൽ നിയന്ത്രണമില്ല എന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയർന്നു കഴിഞ്ഞു. തൻ്റെ വകുപ്പായ ആഭ്യന്തരത്തിന്
നേരെയുള്ള ആക്ഷേപം ഏതു രീതിയിൽ
മറികടക്കാമെന്ന കടുത്ത ആലോചനയിലാണ്
മുഖ്യമന്ത്രി പിണറായി വിജയൻ. അതിനൊടുവിലാണ് എഡിജിപി എംആർ അജിത്‌കുമാറിനെ മുഖ്യമന്ത്രി കൈവിടുന്നത്.
അജിത് കുമാറിനെ കൈവിട്ട മുഖ്യമന്ത്രി ഇനി പി ശശിയുടെ കാര്യത്തിൽ എന്ത് തീരുമാനമാകും കൈക്കൊള്ളുക എന്നാണ് കണ്ടറിയേണ്ടത്. എന്തായാലും ശശിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പാർട്ടിവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പാർട്ടി സമ്മേളനം തുടങ്ങുന്നതിനു മുമ്പേ തീരുമാനം ഉണ്ടായേക്കും.
പി.വി. അൻവർ എം.എൽ.എയുടെ ആരോപണം പാർട്ടിയേയും സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. പാർട്ടിക്കുള്ളിൽ പി. ശശിക്കെതിരെ ശക്തമായവികാരമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമായിരിക്കും. ശശിക്കെതിരെ അന്വേഷണം ഉണ്ടാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. പ്രതികരിക്കാനില്ലന്ന് പി. ശശിയും അറിയിച്ചു.
പി വി അൻവർ എംഎൽഎ കടന്നാക്രമിച്ചത് അജിത് കുമാറിനെ ആണെങ്കിലും ലക്ഷ്യമിട്ടത് പി ശശിയെയാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ട്തന്നെ അജിത് കുമാറിനെതിരെ അന്വേഷണം വരുമ്പോൾ സമാന ആരോപണം നേരിടുന്ന പി ശശിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് ആകില്ല.