സീപോർട്ട് എയർപോർട്ട് റോഡ് രണ്ടാം ഘട്ടം സ്ഥലമെടുപ്പിന് തുക അനുവദിച്ചു: അൻവർ സാദത്ത് എം.എൽ. എ
ആലുവ: സീപോർട്ട് എയർപോർട്ട് റോഡിൻറെ രണ്ടാംഘട്ടമായ എൻഎഡി മുതൽ മഹിളാലയം പാലം വരെയുള്ള ഭാഗത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും, പൊളിച്ചുമാറ്റേണ്ട വീടുകൾക്കും, വ്യാപാരസ്ഥാപനങ്ങൾക്കും നഷ്ടപരിഹാരമായി നൽകേണ്ട 569.3485606 കോടി രൂപ ( അഞ്ഞൂറ്റി അറുപത്തി ഒൻപതുകോടി മുപ്പത്തിനാലു ലക്ഷത്തി എൺപത്തിഅയ്യായിരത്തിഅറുനൂറ്റിആറു രൂപ) നിർവ്വഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് കിഫ്‌ബി കൈമാറിയതായി അൻവർ സാദത്ത് എം.എൽ. എ അറിയിച്ചു.
സീപോർട്ട് എയർപോർട്ടിന്റെ രണ്ടാം ഘട്ടമായ എൻഎഡി മുതൽ മഹിളാലയം പാലം വരെയുള്ള ഭാഗത്തിന്റെ നിർമ്മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷൻ വന്നിട്ട് 22 വർഷത്തോളം ആയിട്ടുണ്ട്. ഈ കാലയളവിൽ മക്കളുടെ വിവാഹത്തിനും, വിദ്യാഭ്യാസത്തിനും, മറ്റു ചികിത്സാ ചിലവുകൾക്കുമായി തങ്ങളുടെ സ്ഥലം വില്ക്കുവാനോ, പുതിയവീടുകൾ നിർമ്മിക്കുവാനോ സാധിക്കാതെ വളരെയധികം കഷ്ടതകൾ അനുഭവിക്കുകയായിരുന്ന പ്രദേശവാസികളുടെ ബുദ്ധിമുട്ടുകൾ അൻവർ സാദത്ത് എം.എൽ.എ നിരന്തരം നിയമസഭയിൽ ഉന്നയിക്കുകയും എത്രയും വേഗം സ്ഥലം ഏറ്റെടുത്ത് നിർമ്മാണം വേഗത്തിലാക്കണ മെന്നാവശ്യപ്പെട്ട് മുഖ്യമന്തി, ധനവകുപ്പു മന്ത്രി, റവന്യൂ മന്ത്രി എന്നിവരെ നേരിട്ടു കണ്ടു നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. കൂടാതെ ഈ വിഷയത്തിൽ റവന്യൂ നടപടികൾ വേഗത്തിലാക്കുന്നതിനായി എം.എൽ.എയുടെ നിർദ്ദേശപ്രകാരം എല്ലാ മാസവും കളക്ടറുടെ ചേമ്പറിൽ അവലോകനയോഗങ്ങളും നടത്താറുണ്ടായിരുന്നു.
റോഡിൻറെ നിർമ്മാണത്തിനായി 76 ഏക്കർ 10 സെന്റ് സ്ഥലമെറ്റെടുക്കേണ്ടത്. കൂടാതെ ഏറ്റെടുക്കേണ്ട ഭൂമിയിൽ 28 വീടുകളും (4 വീടുകളോടനുബന്ധിച്ച് കടകളുമുണ്ട് ) 6 വ്യാപാര സ്ഥാപനങ്ങളുമടക്കം മൊത്തം 34 കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടതുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനും, പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരമായും റോഡിൻറെ നിർമ്മാണത്തിനുമായി 649.0 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.
നിർമ്മാണത്തിനാവശ്യമായ 649 .00 കോടി രൂപ അനുവദിക്കുന്നതിന് നിർവ്വഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ കിഫ്‌ബിക്ക് റിക്വസ്റ്റ് ലെറ്റർ നല്കിയിട്ടുണ്ടായിരുന്നു. കൂടാതെ പദ്ധതിക്കാവശ്യമായ തുക എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, കിഫ്ബിയുടെ സി.എം.ഡി. എന്നിവർക്ക് കത്തെഴുതിയും ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിനും, കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനും നഷ്ടപരിഹാരമായി നൽകേണ്ടതിനായി 569.3485606 കോടി രൂപ കിഫ്‌ബി, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് ഇന്ന് കൈമാറിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
സ്ഥലമുടമകൾക്കുള്ള നഷ്ടപരിഹാരം നൽകേണ്ടതിനായി ലഭിച്ച 569.3485606 കോടി രൂപ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ നാളെ റവന്യൂ വകുപ്പിന് കൈമാറും. റവന്യൂ വകുപ്പ് 2013 ലെ പൊന്നും വില നിയമപ്രകാരമുള്ള 19 (1 ) കരട് പ്രഖാപനം നടത്തി, ഡ്രാഫ്റ്റ് തയ്യാറാക്കി കളക്ടർക്ക് കൈമാറുകയും അതു കളക്ടർ പരിശോധിച്ച് സർക്കാരിലേക്കയക്കുകയും ചെയ്യും. സർക്കാരിൽ നിന്നും ഡ്രാഫ്റ്റിന് അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ സ്ഥലം ഉടമകളുമായി ഹിയറിങ്ങ് നടത്തും. ഹിയറിങ്ങിന് ശേഷമായിരിക്കും സ്ഥലമുടമകൾക്ക് നഷ്ടപരിഹാര വിതരണം ചെയ്യുക എന്ന് എം.എൽ. എ അറിയിച്ചു. ഈ നടപടിക്രമങ്ങൾ എല്ലാം എത്രയും വേഗം പൂർത്തീകരിച്ച് സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ. എ റവന്യൂ വകുപ്പിനോടാവശ്യപ്പെട്ടു.
സ്ഥലമേറ്റെടുക്കൽ പ്രക്രിയയോടൊപ്പം റോഡ് നിർമ്മാണത്തിനാവശ്യമായ 102.88 കോടി രൂപ എത്രയും വേഗം അനുവദിച്ച് സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കണമെന്നും, അതുപോലെ മഹിളാലയപാലം മുതൽ എയർപോർട്ട് വരെയുള്ള മൂന്നാം ഘട്ട നിർമ്മാണത്തിന് 4.5 കിലോമീറ്റർ സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ 210.0കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനം ആരംഭിക്കണമെന്നും എം.എൽ.എ സർക്കാരിനോടാവശ്യ പ്പെട്ടിട്ടിണ്ട്. സ്ഥലമേറ്റെടുക്കുന്നതിനാവശ്യമായ തുക അനുവദിച്ച കേരള സർക്കാരിനും, മുഖ്യമന്ത്രിക്കും, മറ്റു മന്ത്രിമാർക്കും നന്ദി അറിയിച്ചതായി എം.എൽ.എ പറഞ്ഞു.