For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്നുച്ചയ്ക്ക്

11:03 AM Nov 24, 2023 IST | ലേഖകന്‍
ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്നുച്ചയ്ക്ക്
Advertisement

പത്തനംതിട്ട: കഴിഞ്ഞ ദിവസം അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന് പത്തനംതിട്ടയിൽ നടക്കും. ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതിയോടെ പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിലാണ് ഖബറടക്കം. 12.30 മുതൽ 1.30 വരെ പത്തനംതിട്ട ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷമാണ് ഖബറടക്കം. സമൂഹത്തിലെ നാനാ തുറകളിൽപ്പെട്ട നിരവധി പേർ പത്തനംതിട്ടയിലെ വസതിയിലെത്തി.
ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. തമിഴ്നാട് ഗവർണറും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗവുമായി ചുമതല വഹിച്ചിട്ടുണ്ട്. .

Advertisement

1927 ഏപ്രിൽ 30-ന് പത്തനംതിട്ട ജില്ലയിൽ അണ്ണാവീട്ടിൽ മീര സാഹിബിൻറെയും ഖദീജ ബീവിയുടെയും മകളായിട്ടായിരുന്നു ജനനം.പത്തനംതിട്ട കത്തോലിക്കേറ്റ് സ്കൂളിൽ നിന്നും സ്കൂൾ പഠനം പൂർത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദം നേടിയതിന് ശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. 1950 നവംബർ 14ന് അഭിഭാഷകയായി എൻറോൾ ചെയ്തു. 1958 ൽ സബോർഡിനേറ്റ് മുൻസിഫായി നിയമനം നേടി. 1968 ൽ സബോർഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം നേടിയ ഫാത്തിമ ബീവി, 1972 –ൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി. 1974 –ൽ ജില്ലാ സെഷൻസ് ജഡ്ജിയായി. 1983 ഓഗസ്റ്റ് 4-ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

1989 ഏപ്രിൽ 30-ന് വിരമിച്ചെങ്കിലും അഞ്ചാം മാസം സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. 1989 ഒക്ടോബർ 6-നാണ് ഫാത്തിമ ബീവി സുപ്രീംകോടതി ജഡ്ജിയായി നിയമനം നേടിയത്. 1992 ഏപ്രിൽ 29-ന് വിരമിച്ചു. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി. 1997 ജനുവരി 25 മുതൽ 2001 ജൂലൈ 3-വരെ തമിഴ്നാട് ഗവർണറായി പ്രവർത്തിച്ചു. അക്കാലത്ത് അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നിരസിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയാകാൻ അനുവദിച്ചത് വിവാദമായി. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രം തീരുമാനിച്ചെങ്കിലും അതിന് മുൻപ് തന്നെ ഗവർണർ പദവി രാജി വെച്ചു.

Author Image

ലേഖകന്‍

View all posts

Advertisement

.