ഷൂട്ടിങ് ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം
കോഴിക്കോട്: കോഴിക്കോട് കാരപ്പറമ്പിൽ സിനിമാ സെറ്റിൽ ഗുണ്ടാ ആക്രണമം. പ്രൊഡക്ഷൻ മാനേജർ ടിടി ജിബുവിന് അക്രമണത്തിൽ പരിക്ക്. അക്രമണത്തിന് പിന്നിൽ അഞ്ചംഗ സംഘമെന്ന് വിവരം. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് ഗുണ്ടാ സംഘം ലൊക്കേഷനിൽ അതിക്രമിച്ച് കയറി ജിബുവിനെ റോഡിലേക്ക് വലിച്ചിറക്കി അക്രമിച്ചത്. റോഡരികിൽ വച്ചാണ് മർദിച്ചത്. ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈയ്ക്ക് പരുക്കേൽപ്പിക്കുകയും ചെയ്തു.
ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ ആവശ്യത്തിലേക്കായി ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. വാടകയായി വൻ തുകയാണ് ചോദിച്ചത്. ഇത്രയും വലിയ തുക നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഇതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം മർദിച്ചതെന്ന് ജിബു പറഞ്ഞു. അക്രമണത്തിൽ പരിക്കേറ്റ ജിബു ആശുപത്രിയിൽ ചികിത്സയിലാണ്. സിനിമാക്കാർ നൽകിയ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.