മാലിന്യ ഉൽപാദനം ഗണ്യമായി വർധിച്ചു: മന്ത്രി
തിരുവനന്തപുരം: ജീവിത ശൈലീ മാറ്റത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മാലിന്യ ഉല്പാദനം ഗണ്യമായി വർധിച്ചതായി മന്ത്രി എം ബി രാജേഷ് നിയമസഭയെ അറിയിച്ചു. ഇത്തരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവും തരവും തിട്ടപ്പെടുത്താൻ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി സർവേ നടത്തുന്നുണ്ട്. നിലവിൽ 63 നഗരസഭകളിൽ സർവേ പൂർത്തിയായി. വികേന്ദ്രീകൃത മാലിനന്യ സംസ്ക്കരണത്തിനായി പദ്ധതികൾ സമർപ്പിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് സമയപരിധി ദീർഘിപ്പിച്ചു നൽകിയിരുന്നു. പുനചംക്രമണം സാധ്യമായ മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിക്കാനുള്ള സംവിധാനം സംസ്ഥാനത്ത് നിലവിലുണ്ട്. ക്ലീൻ കേരള കമ്പനിയും സ്വകാര്യ ഏജൻസികളും പ്രതിമാസം ഏകദേശം 8000 ടൺ മാലിന്യം ശേഖരിക്കും. സാനിട്ടറി മാലിന്യം സംസ്ക്കരിക്കാൻ ഒരു ജില്ലയിൽ കുറഞ്ഞത് രണ്ട് ഡബിൾ ചേംബർ ഇൻസിനറേറ്റർ സ്ഥാപിക്കാനുള്ള നടപടികളും സർക്കാർ സ്വികരിക്കുന്നുണ്ട്. ഗ്രാമനഗര വ്യത്യസമില്ലാതെ 35554 ഹരിത കർമസേനാ അംഗങ്ങൾ വാതിൽപ്പടി ശേഖരണ നടപടികളും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.