വെളുത്തുള്ളി വില സര്‍വ്വകാല റെക്കോഡില്‍: മൂന്നാഴ്ചയ്ക്കുള്ളില്‍ 100 രൂപയുടെ വര്‍ധന
വെളുത്തുള്ളിയുടെ വില കുതിക്കുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ കിലോയ്ക്ക് 100 രൂപയിലധികമാണ് വര്‍ധിച്ചത്. കഴിഞ്ഞ നവംബറില്‍ മൊത്ത വില്‍പ്പനവില 130-150 രൂപയായിരുന്നു. ഡിസംബര്‍ അവസാന ആഴ്ചയിലത് 270 രൂപയായി. ചില്ലറ വില്‍പ്പനവില 370 രൂപയായി. ബുധനാഴ്ച കലൂര്‍ മാര്‍ക്കറ്റില്‍ 470 രൂപയായിരുന്നു ചില്ലറ വില്‍പ്പന വില. 100 ഗ്രാമിന് 47 രൂപ.
കേരളത്തിലേക്ക് പ്രധാനമായും മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ മേഖലകളില്‍നിന്നാണ് വെളുത്തുള്ളി എത്തുന്നത്. അവിടെ വിളവെടുപ്പുകാലം കഴിഞ്ഞതിനാല്‍ ഉള്ളി എത്താത്തതും കഴിഞ്ഞവര്‍ഷം വിളവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് നെട്ടൂര്‍ മാര്‍ക്കറ്റിലെ മൊത്തവ്യാപാരി വി എസ് ഷാലു പറഞ്ഞു.
ഹിമാചല്‍പ്രദേശില്‍നിന്നുള്ള പച്ച ഉള്ളിയാണ് ഇപ്പോള്‍ എത്തുന്നത്. തൂക്കമുള്ളതിനാല്‍ ഇടത്തരം ഒരു ഉള്ളിക്ക് 20 രൂപയോളം വില വരും. ഇത് സാധാരണക്കാര്‍ക്കും ഹോട്ടലുകള്‍ക്കും താങ്ങാനാകുന്നില്ല. നെട്ടൂര്‍ മാര്‍ക്കറ്റില്‍ ദിവസം 100-150 ചാക്ക് വെളുത്തുള്ളി വിറ്റുപോയിരുന്നു. വില കുത്തനെ കൂടിയതോടെ 50-55 ചാക്കായി കുറഞ്ഞു.
വന്‍കിട ഭക്ഷ്യോല്‍പ്പന്ന കമ്പനികളും മരുന്നുനിര്‍മാതാക്കളും മൊത്തവില്‍പ്പന കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് വന്‍തോതില്‍ വെളുത്തുള്ളി ശേഖരിക്കുന്നതും വില വര്‍ധനയ്ക്ക് കാരണമാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. കേരളത്തില്‍ വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ മേഖലയില്‍ വെളുത്തുള്ളിക്കൃഷിയുണ്ടെങ്കിലും അവിടെയും വിളവെടുപ്പായിട്ടില്ല. ഈ മാസം പകുതിയോടെ ഉത്തരേന്ത്യയിലെ വെളുത്തുള്ളിപ്പാടങ്ങളില്‍ വിളവെടുപ്പ് തുടങ്ങും. അതോടെ വില കുറയുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.