ഗൗരി ലങ്കേഷ് വധം: നീതി ലഭിക്കാതെ ഏഴു വര്‍ഷങ്ങള്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഏഴു വര്‍ഷം പിന്നിട്ടിട്ടും എവിടെയുമെത്താതെ കേസിലെ നടപടികള്‍. കാര്യങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് വധക്കേസിന്റെ വിചാരണ വേഗത്തിലാക്കാന്‍ ആഗസ്റ്റ് 20ന് സുപ്രീംകോടതി ബംഗളൂരുവിലെ കോടതിയോട് ഉത്തരവിട്ടത്. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാന്‍ ഓരോ മാസവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിചാരണ നടത്തണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. 'ഉത്തരവിന്റെ വെളിച്ചത്തില്‍ നിലവില്‍ കേസ് നടക്കുന്ന പ്രത്യേക കര്‍ണാടക കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈംസ് ആക്ട് കോടതിയില്‍ വിചാരണ വേഗത്തിലാക്കാം. എല്ലാ മാസവും ഒരാഴ്ച തെളിവെടുപ്പ് നടത്തുന്ന പതിവിനുപകരം രണ്ടാഴ്ച വിചാരണ നടത്താമെന്നും' സ്റ്റേറ്റ് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. വിചാരണ പുനരാരംഭിക്കുമ്പോള്‍ കൂടുതല്‍ തവണ വാദം കേള്‍ക്കുന്നതിനായി ട്രയല്‍ കോടതിയെ സമീപിക്കുമെന്ന് കേസ് അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
ഹിന്ദുത്വയുടെ കടുത്ത വിമര്‍ശകനായിരുന്ന ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് വ്യാഴാഴ്ചത്തേക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയായി. 2017 സെപ്തംബര്‍ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിനു മുന്നിലാണ് ഹിന്ദുത്വ ഭീകരര്‍ ഗൗരിയെ വെടിവെച്ചു കൊന്നത്. 2022ലാണ് കേസിലെ വിചാരണ ആരംഭിച്ചത്. 527 സാക്ഷികളില്‍ 137 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. നിരവധി സാക്ഷികളെ ഒഴിവാക്കി. 150 പേരെ ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും ഇനിയുള്ള വിചാരണയില്‍ 100 സാക്ഷികളെ മാത്രമേ വിസ്തരിക്കാനുള്ളൂവെന്നും കര്‍ണാടകക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു.
ഹൈകോടതി പാസാക്കിയ കുറ്റകരമായ ഉത്തരവുകളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, വേഗത്തില്‍ വിചാരണ നടത്തണമെന്നും എല്ലാ കക്ഷികളും വിചാരണ കോടതിയുമായി സഹകരിക്കണമെന്നും നിര്‍ദേശം നല്‍കുന്നതായും ജസ്റ്റിസ് ബേല ത്രിവേദിയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് പറയുകയുണ്ടായി.
2023 ഡിസംബറില്‍ പ്രതിദിന വിചാരണ നടപടികള്‍ക്കായി പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി അഭ്യര്‍ത്ഥിച്ചെങ്കിലും അഭ്യര്‍ഥന ഇപ്പോഴും കര്‍ണാടക ഹൈകോടതിയില്‍ കെട്ടിക്കിടക്കുകയാണ്. മുഖ്യ ആസൂത്രകനായ അമോല്‍ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മര്‍, മോഹന്‍ നായക് എന്നിവര്‍ ഉള്‍പ്പെടെ 18 പ്രതികളാണ് കേസിലുള്ളത്. തീവ്ര ഹിന്ദുത്വ സംഘടനകളായ സനാതന്‍ സന്‍സ്ത, ശ്രീരാമസേന, ഹിന്ദു ജനജാകൃതി സമിതി, ഹിന്ദു യുവസേന എന്നിവയുടെ പ്രവര്‍ത്തകരാണിവര്‍. പുരോഗമനവാദികളായ പ്രഫ.എം.എം.കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ വധക്കേസുകളിലും ഇവരില്‍ പലരും പ്രതികളാണ്.
പ്രോസിക്യൂഷന്‍ ഏറെക്കുറെ കര്‍ശനമായ രീതിയിലാണ് വിചാരണ നടത്തിയതെങ്കിലും വിചാരണ വൈകുന്നത് മുതലെടുത്ത് കേസിലെ നിരവധി പ്രതികള്‍ ഇതിനകം ജാമ്യം നേടി. കൊലപാതകത്തിന് ലോജിസ്റ്റിക് പിന്തുണ നല്‍കിയതിന് അറസ്റ്റിലായ പ്രധാന പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരും ഗൗരി ലങ്കേഷിന്റെ സഹോദരി കവിത ലങ്കേഷും സമര്‍പ്പിച്ച രണ്ട് വ്യത്യസ്ത ഹരജികള്‍ ആഗസ്റ്റ് 20ന് സുപ്രീം കോടതി തള്ളുകയുണ്ടായി. 2023ല്‍ മോഹന്‍ നായക്കിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ വിചാരണ വൈകുന്നതിന്റെ പേരില്‍ കര്‍ണാടക ഹൈക്കോടതി മൂന്ന് പ്രതികള്‍ക്ക് കൂടി ജാമ്യം നല്‍കി.