പൊതു തെരഞ്ഞെടുപ്പ്: പാകിസ്ഥാനില്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് നിരോധനം
ഇസ്‌ലാമാബാദ്: പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പാകിസ്ഥാനില്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് നിരോധനം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലെ താല്‍കാലിക സര്‍ക്കാര്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. കൂടാതെ, സുരക്ഷ മുന്‍നിര്‍ത്തി ഇറാന്‍, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തികളും അടച്ചിട്ടുണ്ട്.
ഭീകര പ്രവര്‍ത്തനങ്ങള്‍ രാജ്യസുരക്ഷയെ തകര്‍ത്തെന്നും നിരവധി ജീവനെടുതെന്നും വാര്‍ത്താകുറിപ്പില്‍ പാക് ഭരണകൂടം ചൂണ്ടിക്കാട്ടി. ഭീകരവാദത്തിനെതിരെ പ്രതിരോധ നടപടികള്‍ വേണമെന്ന ആവശ്യം രാജ്യത്ത് ഉയര്‍ന്നിട്ടുണ്ടെന്നും ഭരണകൂടം വ്യക്തമാക്കി.പാകിസ്താന്‍ പാര്‍ലമെന്റിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തൂന്‍ഖ്വ എന്നീ നാല് പ്രവിശ്യ നിയമനിര്‍മാണ സഭകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. 13 കോടി വോട്ടര്‍മാരാണ് 16-ാമത് നാഷണല്‍ അസംബ്ലിയിലേക്ക് 266 എം.പിമാരെ തെരഞ്ഞെടുക്കുന്നത്. 134 സീറ്റാണ് കേവല ഭൂരിപക്ഷം.
167 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളും സ്വതന്ത്രരുമായി പാര്‍ലമെന്റിലേക്ക് 5121 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇവരില്‍ 4806 പേര്‍ പുരുഷന്‍മാരും 312 പേര്‍ വനിതകളും രണ്ട് പേര്‍ ഭിന്നലിംഗത്തില്‍പ്പെട്ടവരുമാണ്. ഏറ്റവും കൂടുതല്‍ യുവ വോട്ടര്‍മാരുള്ളതും ഇത്തവണയാണ്. 6.9 കോടി പുരുഷ വോട്ടര്‍മാരും 5.9 കോടി സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. 2018ല്‍ 51.9 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് വിദേശത്ത് പ്രവാസത്തില്‍ കഴിഞ്ഞ പാകിസ്താന്‍ മുസ്‌ലിം ലീഗിലെ നവാസ് ശരീഫും പാകിസ്ഥാന്‍ പീപ്ള്‍സ് പാര്‍ട്ടി നേതാവും ബേനസീര്‍ ഭുട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും തമ്മിലാണ് പ്രധാന മത്സരം.