തൃശ്ശൂര്‍ സ്വര്‍ണ്ണാഭരണ ശാലകളിലെ റെയ്ഡ് അവസാനിച്ചു: രേഖകള്‍ ഇല്ലാതെ സൂക്ഷിച്ച 104 കിലോ സ്വര്‍ണം പിടിച്ചെടുത്തു
തൃശൂര്‍: ജില്ലയിലെ 78 സ്വര്‍ണാഭരണ മൊത്തവ്യാപാര കേന്ദ്രങ്ങളിലും നിര്‍മാണ ശാലകളിലും ഏതാനും ഷോറൂമുകളിലും ജി.എസ്.ടി ഇന്റലിജന്‍സ് വകുപ്പ് നടത്തിയ പരിശോധന അവസാനിച്ചു.
ബുധനാഴ്ച വൈകീട്ട് ആരംഭിച്ച പരിശോധന വ്യാഴാഴ്ച ഉച്ചക്കാണ് അവസാനിച്ചത്. രേഖകള്‍ ഇല്ലാതെ സൂക്ഷിച്ച 104 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 3.40 കോടി രൂപ പിഴ ചുമത്തി. നികുതി വെട്ടിപ്പും ക്രമക്കേടും വ്യാപകമായി നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയത്. 700ഓളം ഉദ്യോഗസ്ഥരാണ് വൈകിട്ട് 4.30 മുതല്‍ ഒരേസമയം പരിശോധന തുടങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വ്യാപാര രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
അഞ്ചു വര്‍ഷത്തെ കച്ചവട രേഖകള്‍ പിടിച്ചെടുത്തു. വാങ്ങല്‍, വില്‍പനയിലാണ് ക്രമക്കേട് നടന്നത്. വിശദ പരിശോധനക്ക് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമീഷണര്‍ ദിനേശ് കുമാര്‍ അറിയിച്ചു.
ആറു മാസത്തെ ആസൂത്രണത്തിനൊടുവിലാണ് ദൗത്യമെങ്കിലും പരിശോധന ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് വരെ റെയ്ഡിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നില്ല. പരിശീലന ക്ലാസ് ഉണ്ടെന്ന് പറഞ്ഞാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 700ഓളം വരുന്ന ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയത്. തൃശൂരില്‍ എത്തിയ ശേഷം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസില്‍ വിനോദ സഞ്ചാര ബാനര്‍ കെട്ടി. പിന്നീടാണ് കേരളത്തിലെ ഏറ്റവും വലിയ ജി.എസ്.ടി റെയ്ഡിനാണ് പുറപ്പെടുന്നതെന്ന് അറിയിക്കുന്നത്.
78 കേന്ദ്രങ്ങളില്‍ ഒരേ സമയം ഉദ്യോഗസ്ഥര്‍ കയറി പരിശോധന തുടങ്ങി. സ്റ്റോക്ക് രജിസ്റ്ററില്‍ ഉള്ളതിനേക്കാള്‍ സ്വര്‍ണം പല സ്ഥാപനങ്ങളില്‍ നിന്നും പിടിച്ചെടുത്തു. കടകള്‍ക്ക് പുറമേ വ്യാപാരികളുടെ വീടുകള്‍, ഫ്‌ലാറ്റുകള്‍ എന്നിവിടങ്ങളിലുമായുരുന്നു പരിശോധന.