സ്വർണക്കടത്ത്; പ്രധാനമന്ത്രി തെളിവ് കാണിക്കണമെന്ന് എ.കെ ബാലൻ
തിരുവനന്തപുരം∙ ഏത് ഓഫിസ് കേന്ദ്രീകരിച്ചാണു കേരളത്തിൽ സ്വർണ കള്ളക്കടത്ത് നടത്തിയതെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ. മറ്റാർക്കും അറിയാത്ത കാര്യം വ്യക്തമാക്കിയ സാഹചര്യത്തിൽ, തെളിവോടു കൂടി പ്രധാനമന്ത്രി ഇതു അന്വേഷണ ഏജൻസികളുകളുടെ മുൻപിൽ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സംഗമത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
‘‘സ്വാഭാവികമായും അദ്ദേഹത്തിനറിയാം ഏത് ഓഫിസാണ് ഇതിനു പിന്നിലെന്ന്. അതു നിയമത്തിന്റെ മുൻപിൽ വെളിപ്പെടുത്താൻ അദ്ദേഹം നിർബന്ധിക്കപ്പെട്ടിരിക്കുകയാണ് ഈ പ്രഖ്യാപനത്തിലൂടെ. അല്ലെങ്കിൽ ഇതിനും അദ്ദേഹം കൂട്ടുനിന്നുവെന്ന ദുർവ്യാഖ്യാനമാണ് പൊതുസമൂഹത്തിൽ ഉണ്ടാവുക. ഒരു കുറ്റത്തെ സംബന്ധിച്ച് അറിയാമായിരുന്നിട്ടും നിയമത്തിന്റെ മുൻപിൽ അതു പറയാതിരിക്കുന്നത് കുറ്റവാളികളെ സഹായിക്കാൻ വേണ്ടിയാണ്. മറ്റാർക്കും അറിയാത്ത കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ തെളിവോടു കൂടി അദ്ദേഹം അന്വേഷണ ഏജൻസികളുകളുടെ മുൻപിൽ ഇതു വ്യക്തമാക്കണം. അല്ലെങ്കിൽ അതീവ ഗുരുതരമായ പ്രതിസന്ധിയാണ് രാജ്യത്ത് ഉണ്ടാവുക’’– ബാലൻ പറഞ്ഞു.