ജെന്‍സന് വിട: അന്ത്യ ചുംബനം നല്‍കി യാത്രയാക്കി ശ്രുതി;ഉള്ളുലഞ്ഞ് നാട്
കല്‍പറ്റ: അപകടത്തില്‍ മരിച്ച ജെന്‍സന് നാട് അന്ത്യാഞ്ജലിയര്‍പ്പിച്ചു. അന്ത്യ ചുംബനത്തോടെയാണ് പ്രതിശ്രുത വധു ശ്രതി ജെന്‍സന് വിട നല്‍കിയത്. ശ്രുതിക്ക് അവസാനമായി കാണാന്‍ ജെന്‍സന്റെ മൃതദേഹം ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. നേരത്തേ പള്ളിയില്‍ കൊണ്ടുപോയി കാണിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ശ്രുതിയുടെ മാനസിക-ശാരീരിക അവസ്ഥ പരിഗണിച്ച് തീരുമാനം മാറ്റുകയായിരുന്നു. 15 മിനിറ്റ് ആശുപത്രിയില്‍ പൊതുദര്‍ശനമുണ്ടായി. നൂറുകണക്കിന് ആളുകളാണ് ജെന്‍സനെ ഒരുനോക്ക് കാണാനായി എത്തിയത്. അമ്പലവയല്‍ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെന്‍സന്റെ മൃതദേഹം കൊണ്ടുപോയത്.
ചൂരല്‍ മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടമായ ശ്രുതിക്ക് താങ്ങും തണലുമായിരുന്നു പ്രതിശ്രുത വരനായിരുന്നു ജെന്‍സന്‍. ഡിസംബറില്‍ ഇരുവരുടേയും വിവാഹം തീരുമാനിച്ചിരിക്കെ ആണ് ജെന്‍സന്‍ ശ്രുതിയെ തനിച്ചാക്കി പോയത്. ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയിലാണ് ജെന്‍സനെ അടക്കുക.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്‌കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്പലവയല്‍ സ്വദേശിയാണ് ജെന്‍സന്‍.
ചൂരല്‍മലയിലെ സ്‌കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവര്‍ മരിച്ചിരുന്നു. പിതാവിന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ദുരന്തത്തില്‍ നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.