തൃശൂര്‍ പൂരം കലക്കലിനെക്കുറിച്ചുളള അജിത് കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍; ആഭ്യന്തരസെക്രട്ടറിയുടെ ശുപാര്‍ശയില്‍ തുടരന്വേഷണം
തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലിനെക്കുറിച്ചുളള എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി. പൂരം കലക്കലില്‍ ബാഹ്യഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോർട്ടാണ് ആഭ്യന്തര സെക്രട്ടറി തള്ളിയത്. തൃശ്ശൂര്‍ പൂരം വിവാദത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി.
പൂരം കലങ്ങിയതില്‍ അട്ടിമറിയും ബാഹ്യ പ്രേരണയും ഇല്ലെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയെ കുറിച്ചും വലിയ പരാമര്‍ശങ്ങളില്ല. എന്നാല്‍ ദേവസ്വങ്ങളുടെ ഇടപെടലിനെ കുറിച്ച് നിശിത വിമര്‍ശനം എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ആര്‍ക്കെതിരെയും നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടായിരുന്നില്ല. തൃശൂര്‍പൂരം കലക്കിയതില്‍ നടപടിയുണ്ടാകുമെന്ന് സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സിപി ഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. വിഷയം ഗൗരവമായി കാണുന്നുവെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നുമാണ് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ അറിയിച്ചത്.