ഇലക്ഷൻ അടുത്തു; മുഖ്യമന്ത്രിയും ഗവർണറും ഭായി ഭായി
തിരുവനന്തപുരം: പരസ്പരം പോർ വിളിക്കുകയും പരസ്യമായി രാഷ്ട്രീയം പറയുകയും ചെയ്തിരുന്ന സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഭായി ഭായി മട്ടിലായി. ബില്ലുകൾ ഒപ്പിടുന്നില്ലെന്ന് പറഞ്ഞ് ഗവർണർക്കെതിരെ കൊടിയ വിമർശനം ഉന്നയിക്കുകയും നിയമവഴി തേടുകയും ചെയ്ത മുഖ്യമന്ത്രിയും, പ്രതിഷേധിച്ച എസ്എഫ്ഐക്കാരെ തെരുവിൽ നേരിട്ട ഗവർണറും തമ്മിൽ നടക്കുന്നത് വെറും രാഷ്ട്രീയ നാടകമാണെന്ന് നേരത്തെ പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി രാജ്ഭവനിലെ കാഴ്ചകൾ. ഗവർണർക്കെതിരെ എസ്എഫ്ഐ രണ്ടു ദിവസമായി കരിങ്കൊടിയും കാട്ടുന്നില്ലെന്നതാണ് ഏറെ ശ്രദ്ധേയം.
ഇന്നലെ, സംസ്ഥാന സർക്കാരിന്റെ കേരളീയം പുരസ്‌കാര വിതരണം നടത്താനായി മുഖ്യമന്ത്രി തെരഞ്ഞെടുത്ത വേദി രാജ്ഭവനായിരുന്നു. പുരസ്കാര വിതരണം നിർവഹിച്ചത് ആരിഫ് മുഹമ്മദ് ഖാൻ. ചടങ്ങില്‍ പരസ്പരം അടുത്തടുത്തായ സീറ്റുകളിലിരുന്ന മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും മുഖങ്ങളിൽ പരസ്പര പോർവിളിയുടെ വിദ്വേഷമോ അതൃപ്തിയോ അമർഷമോ ഒന്നും പ്രതിഫലിച്ചില്ല. കഴിഞ്ഞ ദിവസം രാജ്ഭവനിൽ വിവരാവകാശ കമ്മീഷണറുടെ സത്യപ്രതിജ്ഞാ ചടങ്ങിലും മുഖ്യമന്ത്രിയും ഗവർണറും പരസ്പരം ചിരിച്ച് സംസാരിക്കുന്നതും കുശലം പറയുന്നതും കണ്ടു. ഏറെ നാളിന് ശേഷം മുഖ്യമന്ത്രിയും ഗവര്‍ണറും മുഖത്തോട് മുഖം കണ്ടുമുട്ടുന്ന ചടങ്ങായതിനാൽ ഇരുവരുടെയും പ്രതികരണം എന്തായിരിക്കുമെന്നതായിരുന്നു ഏവരുടെയും ആകാംക്ഷ. എന്നാൽ, ചടങ്ങിനെത്തിയ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം ഉപചാരം ചൊല്ലി. ചടങ്ങിന് ശേഷം ചായ സത്കാരവും നല്‍കിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും മന്ത്രിസംഘത്തെയും യാത്രയാക്കിയത്. ചായസത്കാരത്തിലാകട്ടെ, ചിരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയെയും കുശലം ചോദിക്കുന്ന ഗവര്‍ണറെയുമാണ് കണ്ടത്. ഗവർണർ തന്നെ മുഖ്യമന്ത്രിക്കു പ്ലേറ്റ് എടുത്തു കൊടുത്തു. മുഖ്യമന്ത്രി അത് ചിരിയോടെ സ്വീകരിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ അനിൽ, കെ.ബി. ഗണേശ്‌കുമാർ തുടങ്ങിയവരും ചായസൽക്കാരത്തിനുണ്ടായിരുന്നു. ഗണേഷ് കുമാര്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പോലും ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ശരീരഭാഷ പിണക്കത്തിന്റേതായിരുന്നുവെന്നതാണ് ശ്രദ്ധേയം. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിന്റെ രൂക്ഷത തുറന്നുകാട്ടുന്നതായിരുന്നു നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാതെ വേദി വിട്ട ഗവര്‍ണറുടെ നടപടി. പോകുന്നിടത്തെല്ലാം മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഗവര്‍ണറെയാണ് പിന്നീടങ്ങോട്ട് കണ്ടത്. ഇതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധവും ഗവര്‍ണറുടെ പ്രതികരണങ്ങളുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിന്നു.
അതേസമയം, മുഖ്യമന്ത്രിയുടെയും ഗവർണറുടെയും ഭായി ഭായി ബന്ധത്തിൽ സോഷ്യൽ മീഡിയയിൽ പരിഹാസം നിറയുകയാണ്. ടി സിദ്ധീഖ് എംഎൽഎ ഇന്നലെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച ട്രോൾ ഹിറ്റായി. ഭായി ഭായി... തിരഞ്ഞെടുപ്പ് എത്തി... (സലിം കുമാർ) -ഇതായിരുന്നു സിദ്ദിഖിന്റെ ട്രോൾ. അതേസമയം, തിരുവനന്തപുരത്ത് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. അന്ന് ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി വി മുരളീധരനും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതിന് ശേഷം മുഖ്യമന്ത്രിക്കും ഗവർണർക്കുമിടയിലെ ബന്ധം മെച്ചപ്പെട്ടുവെന്നാണ് സൂചന. ഇതിനിടെ, ഗവർണർ രാഷ്ട്രപതിക്ക് അയച്ച ലോകായുക്ത ബില്ലിന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികളാകുന്ന കേസിൽ ലോകായുക്തയ്ക്ക് അധികാരം പ്രയോഗിക്കാൻ അനുമതി നൽകാതിരിക്കുന്ന ബില്ലായിരുന്നു അത്.