Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഗവർണർ വീണ്ടും പറയുന്നു: 'മുഖ്യമന്ത്രിയുടെ ഭീഷണിക്ക് വഴങ്ങില്ല'; വി.സി നിയമനത്തിൽ 9 തവണ ഇടപെട്ടു

10:57 PM Dec 06, 2023 IST | Veekshanam
Advertisement

തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ തുടർന്ന് പുറത്തുപോകേണ്ടി വന്ന കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിരന്തര ഇടപെടൽ വീണ്ടും വെളിപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവകേരള സദസിന്റെ ഭാഗമായി നടത്തുന്ന വാർത്താസമ്മേളനങ്ങളിൽ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ചിരിക്കുന്ന ഗവർണർക്കെതിരെ പിണറായി വിജയൻ ഉയർത്തുന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂട്ടിച്ചേർത്തായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. സമ്മർദ്ദങ്ങൾക്ക് വഴങ്ങി ബില്ലുകൾ ഒപ്പിടില്ലെന്നും അടിയന്തര പ്രാധാന്യമുള്ള ഓർഡിനൻസോ ബില്ലോ ആണെങ്കില്‍ മുഖ്യമന്ത്രി രാജ്ഭവനിൽ വന്നു വിശദീകരിക്കട്ടെയെന്നും ഗവർണർ വ്യക്തമാക്കി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ താൻ തീരുമാനം എടുത്തത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും ഗവർണർ വെളിപ്പെടുത്തി.
തനിക്കു നിയമപരമായി സംശയമുണ്ടെങ്കിൽ അഡ്വക്കേറ്റ് ജനറലിനെ സമീപിക്കും. എ.ജി അദ്ദേഹത്തിന്റെ അഭിപ്രായം പറയും. കണ്ണൂർ സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഒമ്പതു തവണയാണു പ്രതിനിധി എത്തിയത്. ഇക്കാര്യത്തിൽ എജിയുടെ ഉപദേശം ചട്ടവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്ന പലതും ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സുപ്രീം കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാൻ നടപടികൾ ആരംഭിച്ചു. സർക്കാരിൽ നിന്ന് ഉപദേശം തേടുന്നതിൽ എതിർപ്പില്ല. പക്ഷെ സമ്മർദങ്ങൾക്ക് വഴങ്ങില്ല. ഓർഡിനന്‍സും ബില്ലും ഒപ്പിടുന്നില്ല എന്ന തരത്തിൽ ചില വാർത്ത കേട്ടു. അത് ശരിയല്ല. അടിയന്തര പ്രാധാന്യമുള്ള ഓർഡിനൻസോ ബില്ലോ ആണെങ്കില്‍ മുഖ്യമന്ത്രി രാജ്ഭവനിൽ വന്നു വിശദീകരിക്കട്ടെ. മാധ്യമങ്ങളോടു സംസാരിക്കുന്നതിന് പകരം മുഖ്യമന്ത്രി രാജ്ഭവനില്‍ വന്ന് വിശദീകരിക്കുകയാണ് വേണ്ടത്. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
രാജ്ഭവനിൽ ഡെന്റൽ ക്ലിനിക്ക് ആവശ്യപ്പെട്ടത് തനിക്ക് വ്യക്തിപരമായുള്ളതല്ല. രാജ്ഭവനിലെ എല്ലാ ജീവനക്കാർക്കുമുള്ളതാണ്. അതിൽ എന്താണിത്ര പ്രത്യേകത കാണാനുള്ളത്? ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. രാജ്ഭവന് എതിരായി ഒന്നും കണ്ടെത്താനാകാത്തത് കൊണ്ടാണ് ഇതെല്ലാം പറയുന്നത്. താൻ കോടതിയിൽ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങളോടാണ് സംസാരിച്ചിട്ടുള്ളതെന്നും ഗവർണർ പറഞ്ഞു.

Advertisement

Tags :
featuredkerala
Advertisement
Next Article