അന്തർധാര സജീവം; ജിഎസ്‌ടി നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ
തിരുവനന്തപുരം: സർക്കാരുമായുള്ള തുറന്ന പോരിനിടെ ജിഎസ്‌ടി നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരാഴ്‌ച മുമ്പായിരുന്നു അനുമതിക്കായി സർക്കാർ ഓർഡിനൻസ് രാജ്ഭവന് കൈമാറിയത്. രാവിലെ മുംബൈയ്ക്ക് പോകും മുമ്പാണ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. സംസ്ഥാന സർക്കാരുമായും ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടനകളുമായി പ്രത്യക്ഷത്തിൽ ഗവർണർ ഏറ്റുമുട്ടുമ്പോഴും ഇവർ തമ്മിലുള്ള അന്തർധാര സജീവമാണ് എന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് ഗവർണറുടെ നടപടി.
വിവാദമായ ബില്ലുകൾ ഒപ്പിടാതെ ഗവർണർ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ്. ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേർച് കമ്മിറ്റി എക്സ്‌പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ) എന്നീ ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്. ഈ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.