അധ്യാപക നിയമനങ്ങൾ പിൻവലിച്ച സർക്കുലർ, സർക്കാർ റദ്ദാക്കി
തിരുവനന്തപുരം: ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ 2021 മുതലുള്ള സ്ഥിരഅധ്യാപക നിയമനങ്ങൾ പിൻവലിച്ച സർക്കുലർ റദ്ധാക്കിയ സർക്കാർ തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടർന്നാണെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി. ചർച്ചകൾ നടത്താതെ ഏകപക്ഷീയമായാണ് ഡിജിഇ സർക്കുലർ ഇറക്കിയത്. ആയിരക്കണക്കിന് അധ്യാപകരെ നേരിട്ട് ദ്രോഹിക്കുന്ന നടപടിയായിരുന്നു സർക്കുലറിലുണ്ടായിരുന്നതെന്ന് കെപിഎസ്ടിഎ ആരോപിച്ചു. നിയമനങ്ങൾ പിൻവലിച്ച കാലയളവിൽ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളോ മറ്റു സർവ്വീസ് ചട്ടങ്ങളോ പ്രതിപാതിക്കാതിരുന്നത് ഗുരുതര പിഴവും ജോലി സ്ഥിരത ഇല്ലാതാക്കലുമായിരുന്നു. കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിതലത്തിൽ നേരിട്ടും 14 ജില്ലാ കേന്ദ്രങ്ങളിലും നടത്തിയ ശക്തമായ സമരമാണ് സർക്കാരിനെ കൊണ്ട് സർക്കുലർ റദ്ധാക്കാൻ വഴിവെച്ചത്. തുടർച്ചയായ വിവാദ ഉത്തരവുകളിലൂടെ പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മയും വിശ്വാസ്യതയും തകർക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഉത്തരവാദിത്വപ്പെട്ട സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും കൂടിയാലോചിച്ചു മാത്രമേ ഗുണകരമായ തീരുമാനങ്ങൾ സർക്കാർ കൈക്കൊളളാവുവെന്നും കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ. രാജ്മോഹൻ , കെ. രമേശൻ, ബി. സുനിൽകുമാർ, ബി.ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി വി ജ്യോതി, ബിജയചന്ദ്രൻ പിള്ള, ജി.കെ. ഗിരീഷ്, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി, പി.എസ് മനോജ്, പി വിനോദ് കുമാർ, പി.എം നാസർ, എം.കെ. അരുണ തുടങ്ങിയവർ സംസാരിച്ചു.