നെഹ്റു ട്രോഫിക്ക് സർക്കാരിന്റെ കൈയിൽ പണമില്ല; ബേപ്പൂർ വള്ളംകളിക്ക് 2.45 കോടി
ആലപ്പുഴ: സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പ് അനിശ്ചിതത്വത്തിൽ നിൽക്കെ സംസ്ഥാന സർക്കാർ ചെലവിൽ 2.45 കോടി രൂപ ചെലവിട്ടു ബേപ്പൂർ ഇന്റർനാഷനൽ വാട്ടർ ഫെസ്റ്റ് നടത്തുന്നത് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനം. സംസ്ഥാന സർക്കാർ പണം ചെലവഴിച്ചുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കിയെന്നു മുഖ്യമന്ത്രിയും മന്ത്രി പി.എ.മുഹമ്മദ് റിയാസും ആവർത്തിച്ചു പറയുമ്പോഴാണു മന്ത്രി മുഹമ്മദ് റിയാസിന്റെ സ്വന്തം മണ്ഡലത്തിൽ വള്ളംകളി നടത്തുന്നത്.
നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പിന് സർക്കാർ ഗ്രാന്റ് ആയി ഒരു കോടി രൂപയാണു നൽകേണ്ടത്. ഈ തുക നൽകില്ലെന്നാണു കേരള ബോട്ട് റേസസ് ഫെഡറേഷൻ കോ ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധികളോടു റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതെസമയം ബേപ്പൂരിൽ വള്ളംകളിക്കായി കഴിഞ്ഞ വർഷം 1.5 കോടി രൂപ ചെലവിട്ട സ്ഥാനത്താണ് ഇത്തവണ 2.45 കോടി രൂപ ചെലവിടാൻ ഒരുങ്ങുകയാണ്. ഇത്തവണ സിബിഎൽ ഒഴിവാക്കിയെന്നു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ബേപ്പൂർ വള്ളംകളിക്ക് മാത്രം പണം അനുവദിച്ചതാണ് അമർഷത്തിനു കാരണം.