For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഭരണപരിഷ്ക്കാര കമ്മീഷനെ മറയാക്കി, സർക്കാർ വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കുന്നു; ചവറ ജയകുമാര്‍

07:19 PM Dec 12, 2024 IST | Online Desk
ഭരണപരിഷ്ക്കാര കമ്മീഷനെ മറയാക്കി  സർക്കാർ വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കുന്നു  ചവറ ജയകുമാര്‍
Advertisement

തിരുവനന്തപുരം: ഭരണപരിഷ്ക്കാര കമ്മീഷന്‍റെ മറവില്‍ സിവില്‍ സര്‍വ്വീസിനെ തകര്‍ക്കാനും വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കാനുമുളള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍. സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണത്തിന് പുറം കരാര്‍ നല്‍കാനുള്ള ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചത് ഭരണഘടനാപരമായ തൊഴില്‍ നേടാനുള്ള യുവജനതയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്. നിലവിലുള്ള നിയമക്രാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നടത്തേണ്ട നിയമനങ്ങളാണ് പുറം കരാര്‍ നല്‍കിയും കുടുംബശ്രീ വഴിയും നടത്താന്‍ പോകുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചേയ്ത് കാത്തിരിക്കുന്ന ലക്ഷക്കണക്കിന് പേരെ നിഷ്ക്കരുണം വഞ്ചിക്കുന്ന നടപടിയാണിത്. സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കാത്തിരിക്കുന്നവരോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

ഭരണപരിഷ്ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ എന്ന പേരില്‍ ഓരോ ദിവസവും ഓരോ ഉത്തരവുകളാണ് വരുന്നത്. ജീവനക്കാരുടെ ശമ്പളം കേന്ദ്രീകൃതമായി തയ്യാറാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്ത പുറത്ത് വന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ഉള്ള വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമുള്ള സ്പാര്‍ക്ക് സംവിധാനം അഞ്ചരലക്ഷത്തോളം ജീവനക്കാരുടെ പ്രതിമാസ ശമ്പളം എങ്ങനെ തയ്യാറാക്കുമെന്നത് ചോദ്യചിഹ്നമാണ്.
ശമ്പളം തയ്യാറാക്കാനും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്നതിന്‍റെ ഭാഗമായേ ഈ ശുപാര്‍ശയെ കാണാന്‍ കഴിയൂ. ജീവനക്കാരുടെ സര്‍വ്വീസ്, ലീവ്, ഗ്രേഡ്, പ്രൊമോഷന്‍ എന്നിവയെല്ലാം കേന്ദ്രീകൃത സംവിധാനത്തില്‍ കുറ്റമറ്റ രീതിയില്‍ ശമ്പളം തയ്യാറാക്കാന്‍ കഴിയില്ല. ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഒറ്റയടിയ്ക്ക് സര്‍ക്കാരിന് കൈപ്പിടിയിലൊതുക്കാനുള്ള പദ്ധതിയാണിത്. ദുരിതാശ്വാസ നിധിയിലേയ്ക്കടക്കം സംഭാവന നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് ശമ്പളം നിയന്ത്രിക്കാന്‍ കേന്ദ്രീകൃത സംവിധാനം കൊണ്ടുവരുന്നത്.
ജീവനക്കാരുടെ വാര്‍ഷിക ആരോഗ്യ പരിശോധന നടത്താനുള്ള നിര്‍ദ്ദേശവും ഇതേ ഭരണപരിഷ്ക്കാര കമ്മീഷനാണ് നല്‍കിയത്. അഞ്ചരലക്ഷത്തോളം ജീവനക്കാരുടെ ആരോഗ്യ ഡാറ്റ സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്നതിന്‍റെ ഭാഗമാണിതെന്ന്നും അദ്ദേഹം ആരോപിച്ചു.

ജീവനക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അംഗീകൃത സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ല. ജനാധിപത്യ സമൂഹത്തില്‍ ഓരോ പൗരന്‍റേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ വിവരങ്ങളും സേവന വേതന വിഷയങ്ങളും സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറാന്‍ കഴിയില്ല. ജീവനക്കാരുടെ 65000 കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത സര്‍ക്കാര്‍ സിവില്‍ സര്‍വ്വീസിനെ ഒന്നാകെ അട്ടിമറിക്കാന്‍ പദ്ധതിയിടുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags :
Author Image

Online Desk

View all posts

Advertisement

.