നെഹ്റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം; കെ.സി. വേണുഗോപാൽ എംപി
തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കെ.സി. വേണുഗോപാൽ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെ.സി. വേണുഗോപാൽ കത്തുനൽകി. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ക്ലബ്ബുകള് നടത്തിയ തയാറെടുപ്പുകൾ വെറുതെയാകുമെന്നും സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെക്കാൻ തീരുമാനിക്കുകയും പിന്നീട് നടത്താമെന്ന ധാരണയിൽ എത്തുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് തുഴച്ചിലുകാരും ബോട്ട് ക്ലബ്ബുകാരും പരിശീലനമടക്കം പൂർത്തിയാക്കി. 19 ചുണ്ടൻ വള്ളങ്ങളാണ് ഇക്കൊല്ലം മത്സരത്തിന് പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 20 ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെയാണ് ഓരോ വള്ളങ്ങൾക്കും പരിശീലന ചെലവ്. 12 ബോട്ട് ക്ലബ്ബുകൾ ഇതിനോടകം 60 ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവാക്കി പരിശീലനം നടത്തി. ആലപ്പുഴയിലേയും കുട്ടനാട്ടിലെയും വള്ളംകളിയെ ജീവനുതുല്യം സ്നേഹിക്കുന്ന സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിക്കുന്നതുകയും കടം വാങ്ങിയും പിരിവെടുത്തും സമാഹരിക്കുന്ന പണവുമാണ് പരിശീലനത്തിനായും വള്ളം കളിയുടെ മറ്റ് ചെലവുകൾക്ക് വേണ്ടിയും ഉപയോഗിക്കുന്നതെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ അവസാനത്തോടെയെങ്കിലും സംഘടിപ്പിക്കുവാൻ സർക്കാർ തയാറാകണം.
വലിയ തുക ചെലവിട്ട് വള്ളംകളിക്ക് തയാറെടുത്തിരുന്ന ക്ലബ്ബുകൾക്കും തുഴച്ചിലുകാർക്കും കരക്കാർക്കും അത്തരമൊരു തീരുമാനം ആശ്വാസകരമാകുമെന്നും കെ.സി. വേണുഗോപാൽ എംപി ചൂണ്ടിക്കാട്ടി.