പാരാമെഡിക്കൽ സ്ഥാപനങ്ങളെയും മെഡിക്കൽ ടെക്നീഷ്യന്മാരെയും സർക്കാർ സംരക്ഷിക്കണം: അഡ്വ. പി ജർമിയാസ്
കൊല്ലം: പാരാമെഡിക്കൽ സ്ഥാപനങ്ങളും മെഡിക്കൽ ടെക്നീഷ്യന്മാരും സമാനതകൾ ഇല്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് കെപിസിസി സെക്രട്ടറി അഡ്വ. പി. ജർമിയാസ് പറഞ്ഞു, പാരാ മെഡിക്കൽ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റ് ഡിഎംഒ ഓഫീസിനു മുമ്പിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജർമിയാസ്. സാധാരണക്കാരുടെ ആശ്രയമായ സ്വകാര്യ ലബോറട്ടറികളും ജീവനക്കാരും വലിയ പ്രതിസന്ധിയിലാണ്. സ്ഥല വിസ്തീർണ്ണം വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാരുടെ യോഗ്യത സ്ഥാപനങ്ങളിൽ ഒരു ദിവസം ചെയ്യാൻ കഴിയുന്ന ടെസ്റ്റുകളുടെ എണ്ണം രജിസ്ട്രേഷൻ സംബന്ധമായ പ്രതിസന്ധികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ സർക്കാർ ഭാഗത്തുനിന്ന് വ്യക്തമായ ഉത്തരവ് ഉണ്ടാകണമെന്നും കോഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. അരലക്ഷം ലാബ് ടെക്നീഷ്യന്മാരും 7000 പാര മെഡിക്കൽ സ്ഥാപനങ്ങളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എസ് വിജയൻ പിള്ള പറഞ്ഞു.
കൊല്ലം കളക്ടറേറ്റിനു മുമ്പിൽ നടന്ന സമ്മേളനത്തിൽ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ബിജോയ് വി തോമസ് അധ്യക്ഷത വഹിച്ചു. കെ പി എം ടി എ ജില്ലാ പ്രസിഡൻറ് ജയകൃഷ്ണൻ, കെ ചന്ദ്രകുമാർ ,ശിഹാബുദ്ദീൻ, അബ്ദുൾ സത്താർ ,രാകേഷ് രാജ് ,മഞ്ജു സുനിൽ ,ടിവി ജോസഫ് ,ചിത്ര സുനിൽ, രാജ്കുമാർ എന്നിവർ പ്രസംഗിച്ചു.