ഹനുമാൻ സേന സ്കൂൾ തകർത്തു ; വൈദീകനെ ജയ്‌ശ്രീറാം വിളിപ്പിച്ചു
ഹൈദരാബാദ് : തെലങ്കാനയിലെ അദിലാബാദിലുള്ള സെന്റ് മദർതെരേസ സ്കൂൾ അടിച്ചുതകർത്ത് ഹനുമാൻ സേന പ്രവർത്തകർ. മലയാളിയായ വൈദികൻ ഫാ. ജയ്‌മോൻ ജോസഫിനെ ക്രൂരമായി മർദിക്കുകയും അതുപോലെ ജയ്‌ശ്രീറാം വിളിപ്പിക്കുകയും ചെയ്തു.
സ്കൂൾ യൂണിഫോമിന് പകരം ഹനുമാൻ ദീക്ഷ സ്വീകരിക്കുന്നവർ ധരിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് കുറച്ചു കുട്ടികൾ സ്കൂളിൽ എത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ആചാരപരമായ വേഷം ധരിക്കാൻ അനുവദിക്കുന്നില്ലായെന്നു പറഞ്ഞു വന്ന വീഡിയോ എത്തിയതോടെ വൻ ജനക്കൂട്ടം ജയ് ശ്രീറാം വിളികളുമായി സ്കൂളിൽ എത്തുകയും മാനേജർ ആയ ഫാ. ജയ്‌മോൻ ജോസഫിനെ ക്രൂരമായി ആക്രമിക്കുകയും നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ആയിരുന്നു.
സംഭവത്തിൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മാത്രമല്ല മതവികാരം വൃണപ്പെടുത്തിയെന്ന കാരണത്താൽ സ്കൂൾ മാനേജ്‍മെന്റിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അക്രമികൾ സ്കൂൾ അടിച്ചുതകർക്കുകയും മദർ തെരേസയുടെ പ്രതിമ നശിപ്പിക്കുകയും ചെയ്തു. പോലീസ് നോക്കി നിൽക്കെ കാവി ഷാൾ ധരിപ്പിക്കുകയും നെറ്റിയിൽ കുറി അണിയിക്കുകയും ചെയ്തതിനെ ഭയപ്പാടോടെയാണ് നോക്കി കാണുന്നതെന്ന് എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി അംഗം ഫാ. സെബാസ്റ്റ്യൻ തളിയൻ അപലപിച്ചു.